ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ പൂര്‍ണ അധികാരം അത്യാവശ്യമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും നിയമിക്കുന്നതിലും പരിപൂര്‍ണ അധികാരം ആവശ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. രാജ്യ തലസ്ഥാനത്തെ ഭരണനിര്‍വഹണം സുപ്രധാനമാണെന്നും അത് സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കാനാവില്ലെന്നും കേന്ദ്രം നിലപാടെടുത്തു. കേന്ദ്ര നിലപാടിനെ ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ത്തു.
'ഡല്‍ഹി ദേശീയ തലസ്ഥാനമായതിനാല്‍, ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രത്തിന് അധികാരം ആവശ്യമാണ്. ഡല്‍ഹി രാജ്യത്തിന്റെ മുഖമാണ്. ലോകം ഇന്ത്യയെ കാണുന്നത് ഡല്‍ഹിയിലൂടെയാണ്,' കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.
സിവില്‍ സര്‍വീസ് തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം.
ദേശീയ തലസ്ഥാനം എങ്ങനെ ഭരിക്കണമെന്നതാണ്, അല്ലാതെ ഏത് പാര്‍ട്ടിയാണെന്നതല്ല പ്രധാനമെന്നും കേന്ദ്രം വാദിച്ചു. ഡല്‍ഹി 'ദേശീയ തലസ്ഥാനമായതിനാല്‍, കേന്ദ്രത്തിന് അതിന്റെ ഭരണത്തിന് പ്രത്യേക അധികാരവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിയന്ത്രണവും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കേന്ദ്രം ആവശ്യപ്പെട്ടതുപോലെ വിശാല ബെഞ്ചിലേക്ക് കേസ് വിടേണ്ടതില്ലെന്നും ഡല്‍ഹിക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി പറഞ്ഞു.
വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ബാലകൃഷ്ണ കമ്മിറ്റി റിപോര്‍ട്ട് ഇനിയും പരിഗണിക്കേണ്ടതില്ലെന്നും അത് തള്ളിയതായും സിങ് വി പറഞ്ഞു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സംസ്ഥാനത്തിന്റെ നിലപാട് ആരാഞ്ഞതിനോടുള്ള പ്രതികരണമായാണ് ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.