പി സി ജോര്‍ജിനെതിരേ ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റം; ജാമ്യ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: പി സി ജോര്‍ജിനെതിരേ പോലിസ് ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെത്തന്നെ ജാമ്യം നല്‍കാവുന്ന കുറ്റമെന്ന് കോടതി. എന്തിനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് ബോധ്യപ്പെടുത്താന്‍ പോലിസിനായില്ലെന്നും കോടതി അഭിപ്രായപ്പെട്ടതായി ജാമ്യ ഉത്തരവ് പുറത്തുവിട്ട മീഡിയാ വണ്‍ ചാനല്‍ പറയുന്നു.
ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ജോര്‍ജിനെ പോലിസിന്റെ കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും ഒളിവില്‍ പോവില്ലെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകാനിരിക്കുകയാണ്. വഞ്ചിയൂര്‍ കോടതിയിലാണ് ഹരജി നല്‍കുന്നത്.
അനന്തപുരി ഹിന്ദു സമ്മേളനത്തിലാണ് ജോര്‍ജ് മുസ് ലിം സമൂഹത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. മുസ് ലിം വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മരുന്നുനല്‍കി ഇതര മതത്തിലുള്ളവരെ വന്ധീകരിക്കുന്നുവെന്നാണ് ജോര്‍ജ് ആരോപിച്ചത്. കൂടാതെ വ്യവസായി യൂസഫലിയെക്കുറിച്ചും ആരോപണമുന്നയിച്ചു.
ഈ കേസിലാണ് ഫോര്‍ട്ട് പോലിസ് കേസെടുത്തത്. ഹാജരാക്കി അപ്പോള്‍ത്തന്നെ കോടതി ജാമ്യം നല്‍കുകയും ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. അത് വിവാദവുമായി.