പൊതുജനങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങി വലയേണ്ട അവസ്ഥയുണ്ടാകരുത്; സര്‍ക്കാര്‍ സേവനങ്ങളിലെ കാലവിളംബം പാടില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീര്‍ത്തും ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സംസ്ഥാനത്തെ ജില്ലാ കളക്ടര്‍മാരുടേയും വകുപ്പു മേധാവികളുടേയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജന പരാതി പരിഹാരത്തിന് ജില്ലാതലങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങി വലയേണ്ട അവസ്ഥയുണ്ടാകരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാകരുത്. ഇക്കാര്യം വ്യക്തിപരമായ ചുമതലയായിക്കണ്ടു കളക്ടര്‍മാര്‍ പ്രത്യേക ഇടപെടല്‍ നടത്തണം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രണ്ടു നൂറുദിന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നവിധമാണ് ഇതു നടപ്പാക്കിയത്. എന്നാല്‍ ഇതിലെ ചില കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കണം.
സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസവും ഇല്ലാതാക്കണം. ഭൂമി ഏറ്റെടുക്കുന്നവര്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം. ഭൂമി വിട്ടുനല്‍കിയ ആര്‍ക്കും ദുരനുഭവമുണ്ടാകരുത്. സ്ഥലമേറ്റെടുപ്പിനുള്ള നഷ്ടപരിഹാരം സമയബന്ധിതമായിത്തന്നെ നല്‍കിവരുന്നുണ്ട്. എന്നാല്‍ അപൂര്‍വമായെങ്കിലുമുണ്ടാകുന്ന കാലതാമസം തീര്‍ത്തും ഇല്ലാതാക്കണം. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാര്‍ക്ക് പദ്ധതി ഇതുവരെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇതു ഫലപ്രാപ്തിയിലെത്തുകയെന്നതു പ്രധാനമാണ്. തടസങ്ങളുണ്ടെങ്കില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വെള്ളക്കെട്ട് നിവാരണം പോലുള്ളവയും കാര്യക്ഷമമായി നടക്കണം.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കുള്ള ഔദാര്യമല്ല, അവരുടെ അവകാശമാണ്. ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മറിച്ചുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും ആവശ്യത്തിനു വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നരീതിയിലുള്ള മനോഭാവം ഗുണകരമല്ല. പ്രശ്‌നങ്ങള്‍ കേട്ടാല്‍ അത് മറ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി നല്‍കി ഒഴിയുന്നതും ശരിയായ രീതിയല്ല. ഓരോ ദിവസവും ഓഫിസില്‍നിന്നെത്തുമ്പോള്‍ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോ എന്ന ആത്മപരിശോധന നടത്തി നാളെ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.