ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി

Update: 2021-08-10 15:00 GMT

തിരുവനന്തപുരം: മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്‌സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പല മേഖലകളിലും നമ്മുടെ നാടിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവകാശവാദങ്ങളുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ചുകൂട. നമുക്ക് മുന്നില്‍ മഹാത്മാഗാന്ധി കാണിച്ചുതന്ന ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണപ്പൊലിമ നഗരങ്ങളില്‍ കൊണ്ടാടപ്പെട്ടപ്പോള്‍ ചേരികളിലേക്ക് അവരില്‍ ഒരാളാകാനായി നടന്നകന്ന വ്യക്തിയാണ് മഹാത്മഗാന്ധി. ഗാന്ധിജിയുടെ വാക്കുകള്‍ മുന്‍നിര്‍ത്തി നാടിനായി സമര്‍പ്പിക്കാന്‍ കഴിയുന്നതാകണം സ്വാതന്ത്ര്യദിനാഘോഷം. 

അമൃത് മഹോത്‌സവം എന്ന പേര് കേരളീയരെ സംബന്ധിച്ച് അഭിമാനകരമാണ്. സ്വാതന്ത്ര്യത്തെ അമൃതിനോട് ഉപമിച്ചത് മഹാകവി കുമാരനാശാനാണ്. സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക്, മൃതിയേക്കാള്‍ ഭയാനകം എന്നാണ് മഹാകവി പാടിയത്. സ്വാതന്ത്ര്യത്തിന്റെ വിലയാകെ ആ ഈരടികളിലുണ്ട്. സ്വാതന്ത്ര്യത്തെ അമൃതിനോട് ആദ്യം ഉപമിച്ചത് നമ്മുടെ നാടാണെന്ന് അഭിമാനിക്കാം. 

സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര ദശാബ്ദം എന്നത് ചെറിയ കാലയളവല്ല. എന്നാല്‍ ഇതിനകം സമഗ്രവും പൂര്‍ണവും പുരോഗമനോന്‍മുഖവുമായ ഒരു രാഷ്ട്രമായി മാറ്റുക എന്ന സ്വപ്‌നം സഫലമായോ എന്ന് ചിന്തിക്കണം. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീരദേശാഭിമാനികളുടെ സ്വപ്‌നങ്ങളില്‍ ഒരു ഇന്ത്യയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായോ എന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരള നിയമസഭ മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍, എം. എല്‍. എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.  

Tags:    

Similar News