ദമസ്‌കസ്: സിറിയയില്‍ ബശാറുല്‍ അസദിന്റെ പതനത്തെ തുടര്‍ന്ന് അധികാരമേറ്റെടുത്ത പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ പുലര്‍ത്തുന്ന സമീപനമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനുമുള്ളതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയയിലെ കത്തോലിക്ക സമുദായ പ്രതിനിധികള്‍ വത്തിക്കാന്‍ ന്യൂസുമായി നടത്തിയ സംഭാഷണത്തിനിടെ, സ്വതന്ത്രവും ജനാധിപത്യപരവുമായ സിറിയയെ കുറിച്ചുള്ള പ്രതീക്ഷകള്‍ അവര്‍പങ്കുവച്ചു.
മിന്നല്‍ വേഗത്തിലാണ് വിമത സൈന്യം 53 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ദമസ്‌കസ് പിടിച്ചെടുത്തത്. സിറിയയിലെ ന്യൂനപക്ഷങ്ങളായ ഇസ്മാഈലികള്‍, കുര്‍ദുകള്‍, ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങളോട് പുതിയ സര്‍ക്കാരിന്റെ സമീപനമെന്തായിരിക്കും എന്നതിനെ കുറിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു.
'എല്ലാ സിറിയക്കാരെയും പോലെ ക്രിസ്ത്യാനികളും അസദ് ഭരണത്തിനു കീഴില്‍ ഞെരുങ്ങിയാണ് ജീവിച്ചത്. വികസനമോ സാമ്പത്തിക വളര്‍ച്ചയോ ഒന്നുമുണ്ടായിരുന്നില്ല'. ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയായ ഫാദര്‍ ബജ്ഹത് കരകാച്ച് വത്തിക്കാന്‍ ന്യൂസിനോടു പറഞ്ഞു. 'ഞങ്ങള്‍ ജീവിക്കുകയായിരുന്നില്ല, അതിജിവിക്കാന്‍ പാടുപെടുകയായിരുന്നു '. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിമതര്‍ ഞങ്ങള്‍ ക്രിസ്ത്യാനികളോട് അത്യധികം സഹിഷ്ണുത കാണിച്ചിരുന്നു. പിടിച്ചെടുത്ത ഞങ്ങളുടെ വസ്തുവകകള്‍ തിരിച്ചു നല്‍കി. സഹിഷ്ണുതയുടെ ശക്തമായ സന്ദേശമാണ് അവര്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും നല്‍കിയത് ' - ഫാ. കരകാച്ച് ഊന്നിപ്പറഞ്ഞു.
'രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടമയാണ്. എല്ലാവരുടെയും മുഴുവന്‍ അവകാശങ്ങളെയും ആദരിക്കുന്ന ഒരു പുതിയ ഭരണരീതി വികസിപ്പിക്കേണ്ടതുണ്ട്. ഇത് ഞങ്ങളുടെ പ്രതീക്ഷയാണ്. കാര്യങ്ങള്‍ ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്നു നമുക്കു നോക്കാം'. ഫാ. ബജ്ഹത് കരകാച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രക്തച്ചൊരിച്ചിലില്ലാതെ അധികാര കൈമാറ്റം നടന്നതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നാണ് അലപ്പോയിലെ ആര്‍ച്ച്ബിഷപ് ഹന്നാ ജാലോഫ് വത്തിക്കാന്‍ ന്യൂസിനോട് പ്രതികരിച്ചത്. വിമത നേതാവായ അല്‍-ജൂലാനിയുമായി താന്‍ കുടിക്കാഴ്ച നടത്തിയിരുന്നെന്നും ക്രിസ്ത്യാനികളെയോ അവരുടെ സ്വത്തുക്കളിലോ ആരും കൈവയ്ക്കുകയില്ലെന്നും ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.'വിമതര്‍ തങ്ങളുടെ വാക്ക് പാലിക്കുന്നവരാണ്. അവര്‍ ക്രിസ്ത്യാനികളെ ഏറെ കൃപയോടെ പരിഗണിക്കുന്നവരാണ്'-ആര്‍ച്ച്ബിഷപ് ജാലോഫ് എടുത്തു പറഞ്ഞു.
ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് ദമസ്‌കസിലെ ലത്തീന്‍ പുരോഹിതനായ ഫാ. ഫിറാസ് ലുത്ഫി പ്രതികരിച്ചത്. 'മേരിയുടെ പെരുന്നാള്‍ സുദിനത്തില്‍ ഞങ്ങളിലേക്ക് വന്നുചേര്‍ന്ന ഒരു സമ്മാനമാണ് അസദിന്റെ പതനം' -അദ്ദേഹം പറഞ്ഞു. '53 വര്‍ഷം നീണ്ട രക്തദാഹിയായ ഒരു ഏകാധിപത്യ സര്‍ക്കാരിന്റെ പതനം പുതിയ സിറിയയുടെ ജനനമാണ്' - ഫാ. ലുത്ഫി കൂട്ടിച്ചേര്‍ത്തു.'അഞ്ചുലക്ഷത്തിലധികം പേരെയാണ് അസദ് ഭരണകൂടം കൊലയ്ക്കു കൊടുത്തത്. സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി. ഈ നിമിഷം സിറിയയുടെ പുനര്‍ജന്മമായി ആഘോഷിക്കണം''- ഫാ. ലുത്ഫി ഊന്നിപ്പറഞ്ഞു. 'രാജ്യത്തിന്റെ ഭാവിയാണു പ്രധാനം. വിദേശ പോരാളികള്‍ ഉള്‍പ്പെടെ വൈവിധ്യവും വൈപുല്യവുമുള്ള സായുധ ഗ്രൂപ്പുകളാണ് ഭരണം കൈയാളുന്നത് ' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളിലും വംശങ്ങളിലും പെടുന്ന മുഴുവന്‍ സിറിയക്കാര്‍ക്കും മനുഷ്യാവകാശങ്ങളും ജനാധിപത്യവും പുലരുന്ന ഒരു രാജ്യത്തിന്റെ യഥാര്‍ഥ പുനര്‍ജന്മമാവണം ഈ സന്ദര്‍ഭമെന്നും അതിന് സിറിയന്‍ ജനതയോടൊപ്പം അന്താരാഷ്ട്ര സമൂഹവും സഹായിച്ചിട്ടുണ്ടെന്നും ഫാ. ഫിറാസ് ലുത്ഫി പറഞ്ഞു.