കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളിക്ക് ജോലി ചെയ്ത സ്ഥാപനത്തിന്റെ ആദരം

Update: 2020-09-10 00:35 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിയിലിരിക്കേ കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരണമടഞ്ഞ മലയാളി ഉദ്യോഗസ്ഥനു ജോലി ചെയ്ത സ്ഥാപനത്തിന്റെ ആദരം. കോഴിക്കോട് പയ്യോളി സ്വദേശി കടലമ്പത്തൂര്‍ കുഞ്ഞബ്ദുല്ലയാണ്(60) ഗള്‍ഫ് നാടുകളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന മരണാനന്തര ബഹുമതിക്ക് അര്‍ഹനായത്. കുഞ്ഞബ്ദുല്ലയുടെ ഓര്‍മയ്ക്ക് സബഹാനിലെ ഹെഡ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിന് കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ ഹാള്‍ എന്ന് നാമകരണം ചെയ്യാന്‍ സ്ഥാപനത്തിന്റെ സിഇഒ തീരുമാനിച്ചു. ഇന്നലെ നാമകരണ ചടങ്ങ് നടന്നതോടെ ഒരു മലയാളിക്ക് മരണാനന്തരബഹുമതിയായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപൂര്‍വ്വ ബഹുമതിയായി അത് മാറുകയും ചെയ്തു.

കുവൈത്ത് സര്‍ക്കാരിന്റെ 51 ശതമാനം ഓഹരി ഉടമസ്ഥതയിലുള്ള കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ സീനിയര്‍ കൊമ്മേഷ്യല്‍ ഓഫിസറായി കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കുഞ്ഞബ്ദുല്ല, കഴിഞ്ഞ മാസം 9 നാണ് കൊവിഡ് ബാധിച്ച് കുവൈത്തില്‍ വച്ച് മരണമടഞ്ഞത്. മരിക്കും മുമ്പ് ഒന്നര മാസത്തോളം മൂന്ന് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു.

അലീഗഢ് സര്‍വകലാശാലയിലെ പഠനത്തിനു ശേഷം 1982ലാണ് കുഞ്ഞബ്ദുല്ല 600ല്‍ പരം ജീവനക്കാരുള്ള ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 1990 ല്‍ ഇറാഖ് അധിനിവേശ കാലത്ത് കമ്പനി ആസ്ഥാനം ദുബൈയിലേക്ക് മാറ്റിയപ്പോഴും കുഞ്ഞബ്ദുല്ലയാണ് സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്. കുവൈത്തിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും മാംസാവശ്യങ്ങള്‍ക്കായുള്ള ആടുകളെ ഇറക്കുമതി ചെയ്യുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഓസ്‌ട്രേലിയ, ദക്ഷിണാഫിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ ആടുകളെ ഇറക്കുമതി ചെയ്യുന്നത്. ഇതിന്‌ സ്വന്തമായി 3 കപ്പലുകളുമുണ്ട്. സ്ഥാപക ജീവനക്കാരന്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നതും കുഞ്ഞബ്ദുല്ലയായിരുന്നു. ഇതൊക്കെക്കൊണ്ട് തന്നെ സ്ഥാപനത്തിന്റെ സിഇഒ മുതല്‍ താഴോട്ടുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും കുഞ്ഞബ്ദുല്ല പ്രിയപ്പെട്ടവനുമായിരുന്നു.

രോഗബാധിതനായി ആദ്യം അദാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞപ്പോഴും സ്ഥാപന മേധാവികള്‍ ഉന്നത തലങ്ങളിലുള്ള ഇടപെടല്‍ നടത്തിയാണ് ഇദ്ദേഹത്തിന് വിദഗ്ദ ചികില്‍സ ലഭ്യമാക്കിയത്. ഒന്നര മാസക്കാലം രോഗത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിഞ്ഞ ഇദ്ദേഹം ആഗസ്റ്റ് 9 ന് മരിച്ചു. കര്‍ഫ്യൂ സമയമായിട്ടും സംസ്‌കര ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ പോലും വകവെക്കാതെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ഥാപനത്തിന്റെ സിഇഒ അടക്കമുള്ള സ്വദേശികള്‍ സുലൈബിക്കാത്തിലെ സ്മശാനഭൂമിയില്‍ ഓടിയെത്തി.

കുവൈത്ത് റേഡിയോ വിദേശ വിഭാഗം കോര്‍ഡിനേറ്റര്‍ അബൂബക്കര്‍ പയ്യോളിയുടെ സഹോദരനാണ് കുഞ്ഞബ്ദുല്ല. ഭാര്യ ഖൈറുന്നിസ. മക്കള്‍ ഷഹറോസ്, ഷഹല. 

Similar News