2016ലെ അട്ടിമറി ശ്രമം; 82 തുര്‍ക്കി സൈനികരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലാന്റെ അനുയായികളെന്നു സംശയിക്കുന്ന സൈനികര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്.
അങ്കാറ: 2016 ല്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച മതപ്രഭാഷകനെ പിന്‍തുണക്കുന്നതിന്റെ പേരില്‍ 82 സൈനികരെ അറസ്റ്റു ചെയ്യാന്‍ തുര്‍ക്കി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനഡോലു വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലാന്റെ അനുയായികളെന്നു സംശയിക്കുന്ന സൈനികര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്.
2016 ജൂലൈയിലെ അട്ടിമറി ശ്രമത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഇപ്പോഴും തുര്‍ക്കിയിലെ ജയിലുകളിലാണ്. അട്ടിമറി ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ 250 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉര്‍ദുഗാന്റെ മുന്‍ സഹപ്രവര്‍ത്തകനായിരുന്ന ഫത്ഹുല്ല ഗുലാന്‍ 1999 മുതല്‍ പെന്‍സില്‍വാനിയയില്‍ പ്രവാസ ജീവിതത്തിലാണ്.
പടിഞ്ഞാറന്‍ തീരദേശ പ്രവിശ്യയായ ഇസ്മിറിലെ ചീഫ് പ്രോസിക്യൂട്ടറാണ് സൈനികരെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടതെന്ന് അനഡോലു പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ 848 സൈനികരെ പുറത്താക്കാനും നടപടിയെടുത്തിട്ടുണ്ട്. 2016ലെ അട്ടിമറി ശ്രമം മുതല്‍ പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സിവില്‍ സര്‍വീസുകാരെയും സൈനിക ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തു. ഭരണകൂടത്തെ അട്ടിമറിക്ക് ശ്രമിച്ചതിന്റെ പേരില്‍ തുര്‍ക്കി കോടതി കഴിഞ്ഞ ആഴ്ച നൂറുകണക്കിന് സൈനിക ഉദ്യോഗസ്ഥരെയും പൈലറ്റുമാരെയും സാധാരണക്കാരെയും ശിക്ഷിച്ചിരുന്നു.