കേരളത്തെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ കയ്യില്‍ ഒന്നുമില്ല; എല്‍ഡിഎഫിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Update: 2021-03-26 16:27 GMT

പെരിന്തല്‍മണ്ണ: സംസ്ഥാനം അകപ്പെട്ടിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ കയ്യില്‍ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി എം.പി. യുഡിഎഫ് പാര്‍ലമെന്റ് സ്ഥാനാര്‍ഥി എം പി അബ്ദുസമദ് സമദാനി, നിയമസഭാ സ്ഥാനാര്‍ഥികളായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി എന്നിവരുടെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയോ ജീവിതം വഴിമുട്ടിയ സാധാരണക്കാരുടെയോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സിപിഎമ്മിന് ഒന്നും മുന്നോട്ട് വെക്കാനില്ല. നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പരാധീനതകള്‍ക്ക് പരിഹാരമാണ് യുഡിഎഫ് തേടുന്നത്. ഇടതുപക്ഷത്തിന്റെ പക്കല്‍ ഇതിന് പരിഹാരങ്ങളൊന്നുമില്ല. ഇന്ധനമില്ലാത്ത വാഹനത്തില്‍ താക്കോലിട്ട് തിരിക്കുകയും ആക്‌സിലേറ്റര്‍ അമര്‍ത്തുകയും ചെയ്ത് വാഹനം ഓടിക്കുന്നതായി ഭാവിക്കുകയാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അക്കൗണ്ടില്‍ പണമിട്ട് കൊടുത്തു കൊണ്ട് യുഡിഎഫ് ഇതിന് പരിഹാരം കാണും. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്കി ഉല്‍പാദന ക്ഷമത കൂട്ടും. പാര്‍ട്ടി വളര്‍ത്താനും പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കാനുമുള്ള പദ്ധതിയല്ല യുഡിഎഫിന്റെ കൈവശം. ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ച് തയ്യാറാക്കിയ പ്രകടന പത്രികയാണ് കൈയ്യിലുള്ളത്. അമ്മമാര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ജനഹിതമാണ് യുഡിഎഫ് നടപ്പാക്കുന്നത്. നാടിനെയും നാട്ടുകാരെയും മനസിലാക്കാന്‍ സിപിഎമ്മിനെ പോലെ കാറല്‍ മാക്‌സിന്റെ പുസ്തകം വായിക്കേണ്ടതില്ല. ജനങ്ങളിലേക്ക് ഇറങ്ങിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News