ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന് താമസിയാതെ അനുമതി നല്‍കിയേക്കുമെന്ന് നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി കെ പോള്‍. കമ്പനി നല്‍കിയ ഡാറ്റയുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും അനുമതിയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്ക് സൈഡസ് കാഡില അപേക്ഷ നല്‍കിയിട്ടുണ്ട്. കമ്പനി നല്‍കിയ ഡാറ്റ വിദഗ്ധ സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നുതന്നെ പോസിറ്റിവായ ഒരു തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. പോള്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നിന്നുള്ള കമ്പനി സൈകൊവ്-ഡിയുടെ ഉപയോഗത്തിനുള്ള അനുമതി തേടിയിരുന്നു. ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനാണ് സൈകോവ്-ഡി.
ഇത് അതുല്യമായ ഒരു സാങ്കേതികവിദ്യയാണെന്നും ഇത് വികസിപ്പിച്ചെടുക്കാനായതില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈകൊവ് ഡി തൊലിക്കയില്‍ നല്‍കുന്ന ഒരു വാക്‌സിനാണ്. അതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങളും കുറവാണ്.
സൈഡസ് പറയുന്നതനുസരിച്ച 66.6 ശതമാനമാണ് ഫലപ്രാപ്തി.
അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇത് ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന രണ്ടാമത്തെ വാക്‌സിനാകും. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ആദ്യ കൊവിഡ് വാക്സിന്‍.
രാജ്യത്ത് ഉപയോഗിച്ചുവരുന്ന മറ്റൊരു വാക്സിനായ കൊവിഷീല്‍ഡ് പൂനെ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നതെങ്കിലും വികസിപ്പിച്ചത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്നാണ്. മൊഡേണ, റഷ്യയുടെ സ്പുടിനിക്ക് 5 വാക്സിന്‍ എന്നിവയാണ് ഉപയോഗാനുമതിയുള്ള മറ്റ് വാക്‌സിനുകള്‍.