കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസ ധനസഹായവുമായി ഡല്‍ഹി സര്‍ക്കാര്‍
ഇതിനു പുറമെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പണം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. 25 വയസ്സ് തികയുന്നത് വരെ ധന സഹായം നല്‍കും. ഇതിനു പുറമെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പണം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കൊവിഡിന്റെ സാഹചര്യത്തില്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ ലഭിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇതില്‍ പകുതിയും ഭരണകക്ഷിയായ ആം ആദ്മി സര്‍ക്കാരും ബാക്കിയുള്ളവ കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴിയും നല്‍കും.
കൊവിഡ് മരണം കാരണം വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിനു പുറമെയാണ് ഇത്. ഭര്‍ത്താവ് സമ്പാദിക്കുന്ന ഏക അംഗമായിരുന്നുവെങ്കില്‍, ഭാര്യക്ക് തുക ലഭിക്കും. വ്യക്തി അവിവാഹിതനായിരുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കാണ് സഹായം ലഭിക്കുക.