മൊബൈല്‍ ടവറുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണം; പഞ്ചാബി കര്‍ഷകരോട് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഡി: മൊബൈല്‍ ടവറുകള്‍ തകര്‍ത്തും വൈദ്യുതി തടസ്സപ്പെടുത്തിയും സമരം ചെയ്യുന്ന രീതിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പഞ്ചാബിലെ കര്‍ഷകരും കര്‍ഷക നേതാക്കളും ഇക്കാര്യത്തെ കുറിച്ച് ആലോചിക്കണമെന്ന് രാജ്‌നാധ് സിങ് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ഷകരുടെ സമരരീതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് രാജ്‌നാഥ് സിങ് രംഗത്തുവന്നത്.
കര്‍ഷകര്‍ ഈ രാജ്യത്തിന്റെ അന്നദാതാക്കളാണെന്നും സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും പറഞ്ഞ രാജ്‌നാഥ് സിങ് കര്‍ഷകരെ നക്‌സലുകളെന്നും ഖാലിസ്ഥാനികളെന്നും വിളിക്കുന്നതില്‍ വിയോജിപ്പുപ്രകടിപ്പിച്ചു.
കര്‍ഷകസമരം ചെയ്യേണ്ടിവന്നതില്‍ സര്‍ക്കാരിന് വലിയ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം പിന്‍വലിക്കണെന്നാവശ്യപ്പെട്ട് സമരംചെയ്യുന്ന കര്‍ഷകര്‍ നിയമത്തിന്റെ എല്ലാ അനുച്ഛേദത്തെ കുറിച്ചും യുക്തിപരമായ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘനടകളും തമ്മില്‍ ആറാം വട്ട ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് റിലയന്‍സ് ടവറുകള്‍ക്കെതിരേയാണ് സമരക്കാര്‍ ആക്രമണം നടത്തിയത്.