ഗാര്‍ഹിക പീഡന നിരോധന നിയമം മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകം: സുപ്രിം കോടതി

ജീവനാംശവും നഷ്ടപരിഹാരവും സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Update: 2024-09-26 13:59 GMT

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയമം മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി. ജീവനാംശവും നഷ്ടപരിഹാരവും സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയവെയാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിന് 2005ലെ ഗാര്‍ഹിക പീഡന നിയമം എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

    ''ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന സ്ത്രീയുടെ അവകാശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കാനും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാനുമായി മതവും സാമൂഹിക പശ്ചാത്തലവും പരിഗണിക്കാതെ ഇന്ത്യയിലെ ഓരോ സ്ത്രീക്കും ബാധകമായ സിവില്‍ കോഡിന്റെ ഒരു ഭാഗമാണ് ഈ നിയമം'' ബെഞ്ച് ചൂണ്ടിക്കാട്ടി.

    2015 ഫെബ്രുവരിയില്‍ 12,000 രൂപ പ്രതിമാസ ജീവനാംശവും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ യുവതി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് അനുവദിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2020ല്‍ ആക്ടിലെ സെക്ഷന്‍ 25(2) പ്രകാരം, സാഹചര്യത്തിലെ മാറ്റം കാരണം ഉത്തരവ് റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കി. അപേക്ഷ നിരസിച്ചെങ്കിലും സെഷന്‍സ് കോടതി അത് പരിഗണിക്കാന്‍ നിര്‍ദേശിച്ചു. കാലതാമസത്തിന്റെ പേരില്‍ അപ്പീല്‍ തള്ളിയ കോടതി ഉത്തരവിനെതിരേ ഭര്‍ത്താവ് അപ്പീല്‍ നല്‍കിയതായി സുപ്രിം കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

Tags:    

Similar News