കുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്
ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മൂന്ന് ദിവസമായി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കുട്ടിയുടെആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും എത്തിയിട്ടുണ്ട്. കുഴല്‍ക്കിണറില്‍ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആര്‍എഫ് സംഘം നിരീക്ഷിച്ചുവരികയാണ്.
കാളിഖാഡ് ഗ്രാമത്തിലെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റിലാണ് കുട്ടി അകപ്പെട്ടത്. വീടിന്റെ 100 അടി മാറിയുള്ള കുഴല്‍ കിണറില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടി വീണത്. മൂന്ന് വര്‍ഷം മുമ്പ് കുഴിച്ച ഈ കുഴല്‍ക്കിണര്‍ മോട്ടോര്‍ കുടുങ്ങിപോയതിനാല്‍ ഉപയോഗമില്ലാതെ കിടക്കുകയാണ്. നിലവില്‍ അതേ മോട്ടോറിന് സമീപം തന്നെയാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് കുട്ടി വീണത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്ന് കിടന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.