നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കൂട് പൊളിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്.
തിരുവനന്തപുരം: നെയ്യാര്‍ സിംഹസഫാരി പാര്‍ക്കില്‍ കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കൂടിന്റെ കമ്പി വളച്ച് കടുവ പുറത്തുകടന്നത്. വയനാട് ചീയമ്പത്ത് നിന്നും പിടികൂടി നെയ്യാറിലെത്തിച്ച കടുവയാണ് ഇത്. ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരുന്നത്. ഇതില്‍ മേല്‍ഭാഗത്തെ കമ്പി ഒടിച്ചാണ് കടുവ രക്ഷപ്പെട്ടത്. ഉച്ചക്ക് തീറ്റ കൊടുക്കാന്‍ നോക്കിയപ്പോഴാണ് 9 വയസ്സുള്ള പെണ്‍കടുവ രക്ഷപ്പെട്ടതായി കണ്ടത്. വനംവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാര്‍ക്കിനകത്ത് തന്നെ നിന്നും കടുവയെ കണ്ടെത്തി.
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളര്‍ത്ത് നായയെ പിടിക്കാന്‍ ശ്രമിച്ച കടുവയെ പ്രദേശവാസികള്‍ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നുമാണ് നെയ്യാറിലെത്തിച്ചത്.