റോഡിന്റെ പാര്‍ശ്വഭിത്തി ഉയര്‍ത്തി കെട്ടിയതു മൂലം വിട്ടിലേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുംബം
നിരവധി തവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും നിയമ തടസ്സം പറഞ്ഞാണ് റാമ്പ് നിര്‍മ്മിച്ചു നല്‍കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു
മാള: മാള പൂപ്പത്തി റോഡ് ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തി റോഡ് മനോഹരമാക്കിയത് ഒരു കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു.റോഡിന്റെ പാര്‍ശ്വഭിത്തി ഉയര്‍ത്തി കെട്ടിയതുമൂലം വിട്ടിലേക്ക് ഇറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഒരു കുടുംബം. പൂപ്പത്തി കൈമപറമ്പില്‍ വീട്ടിന്‍ സുദര്‍ശനന്റെ വീട്ടിലേക്കുള്ള വഴിയാണ് പൊതുമരാമത്ത് റോഡിന്റെ പാര്‍ശ്വഭിത്തി ഉയര്‍ത്തി കെട്ടിയത് മൂലം ഇല്ലാതായത്. സാധാരണ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം മൂലം യാത്രാ തടസ്സം നേരിടുന്നവര്‍ക്ക് റാമ്പ് നിര്‍മ്മിച്ചു നല്‍കുകയാണ് പതിവ്. എന്നാല്‍ നിയമതടസ്സം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് റാമ്പ് നിര്‍മ്മിച്ചു നല്‍കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. തെക്കെ പൂപ്പത്തി എത്തുന്നതിന് മുമ്പുള്ള റോഡിന്റെ ഇരുവശവും റോഡിന്റെ പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാന്‍ പാടശേഖരങ്ങളിലേക്ക് ട്രാക്ടര്‍ ഇറക്കുന്നതിനുള്ള റാമ്പുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിച്ചതിനാല്‍ പല ഭാഗങ്ങളിലും റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് മൂലം റോഡിന് കേടുപാടുകള്‍ സംഭവിക്കാനും അപകടം ഉണ്ടാവാനും സാദ്ധ്യതയുണ്ട്. നിരവധി തവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും നിയമ തടസ്സം പറഞ്ഞാണ് റാമ്പ് നിര്‍മ്മിച്ചു നല്‍കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു. ഇരുവശവും പൂര്‍ണ്ണമായി കൃഷി ചെയ്തിരിക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് കൊയ്ത്ത് യന്ത്രം എങ്ങനെ ഇറക്കും എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
മാള പുപ്പത്തി റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിന് രണ്ട് കരാറുകളിലായി 84 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അടിയന്തിരമായി ഈ വിഷയത്തിന് പരിഹാരം കാണണമെന്നും കര്‍ഷകര്‍ക്കും സുദര്‍ശനന്റെ കുടുംബത്തിനും ഗതാഗത സൗകര്യം ഒരുക്കി നല്‍കാതെ ബുദ്ധിമുട്ടിക്കുകയും റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയിരിക്കുകയും ചെയ്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എക്ക് പരാതി നല്‍കി.