വധഭീഷണിയുണ്ട്, എഫ്‌ഐആര്‍ റദ്ദാക്കണം; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: തനിക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രികോടതിയെ സമീപിച്ചു. ഹിന്ദു സന്യാസിമാരെ വിദ്വേഷം വളര്‍ത്തുന്നവര്‍' എന്ന് വിളിച്ചുവെന്നാരോപിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് സ്പ്രിംകോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
സുബൈറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ്, ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയോടും ജെ.കെ. മഹേശ്വരിയോടും ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
എഫ്‌ഐആര്‍ പരിശോധിച്ചാല്‍ കുറ്റമൊന്നും നടന്നിട്ടില്ലെന്നും തന്റെ കക്ഷിക്ക് നേരെ വധഭീഷണിയുണ്ടെന്നും സുബൈറിന്റെ അഭിഭാഷകന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. 'അടിയന്തര സാഹചര്യത്തിലാണ് ജാമ്യം തേടുന്നത്. ഇന്റര്‍നെറ്റില്‍ വധഭീഷണിയുണ്ട്. സാധ്യമെങ്കില്‍, ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ലിസ്റ്റ് ചെയ്യൂ,' ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു. കേസ് ലിസ്റ്റ് ചെയ്യാന്‍ സമ്മതിച്ച ബെഞ്ച് ഹിയറിങ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
യതി നരസിംഹാനന്ദ സരസ്വതിയെയും മറ്റ് മതനേതാക്കളെയും 'വിദ്വേഷം വളര്‍ത്തുന്നവര്‍' എന്ന് പരാമര്‍ശിച്ച ട്വീറ്റിനെതിരേയാണ് ആരോപണം. ഹിന്ദു ലയണ്‍ ആര്‍മി ജില്ലാ പ്രസിഡന്റ് ഭഗവാന്‍ ശരണ്‍ നല്‍കിയ പരാതിയില്‍ ജൂണ്‍ മൂന്നിന് സുബൈറിനെതിരേ കേസെടുത്തു.