'ഇതുവരെ ചെയ്തത് തുടരും': നിലപാട് വ്യക്തമാക്കി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍

Update: 2022-07-22 13:24 GMT

ന്യൂഡല്‍ഹി: ഇക്കാലമത്രയും എന്താണോ ചെയ്തത് ഇനിയുള്ള കാലവും അതുതന്നെ തുടരുമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഒരു ദിവസത്തിനുശേഷം നല്‍കിയ കൂടിക്കാഴ്ചയിലാണ് സുബൈര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ 27നാണ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഇയാള്‍ക്കെതിരെ ഏഴ് എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

''ബഹുമാനപ്പെട്ട കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തതിനാല്‍ ഞാന്‍ എന്റെ ജോലി പഴയതുപോലെ ചെയ്യും''- മുഹമ്മദ് സുബൈര്‍ പറഞ്ഞു. 

അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും അത് ശ്രദ്ധാപൂര്‍വമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സുബൈറിനെ തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിച്ച് അനന്തമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

മുഹമ്മദ് സുബൈറിനെതിരായ യുപിയിലെ പ്രത്യേക അന്വേഷണം കോടതി റദ്ദാക്കി. ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി നിരസിച്ചു.

തന്റെ ട്വീറ്റുകള്‍ക്ക് 2 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍, ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും അതുസംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സുബൈര്‍ പറഞ്ഞു. മോചിതനായതിന് ശേഷമാണ് ഈ ആരോപണത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News