മുഹമ്മദ് സുബൈറിനെതിരായ 'ജിഹാദി' ആക്ഷേപത്തില്‍ പരാതിക്കാരന്‍ മാപ്പുപറയണം; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ 'ജിഹാദി' എന്ന് വിളിച്ച ജഗദീഷ് സിംഗിനോട് മാപ്പ് പറയണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരാഴ്ചക്കുള്ളില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തണമെന്ന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ജഗദീഷ് സിംഗിനോട് നിര്‍ദേശിച്ചു. ക്ഷമാപണത്തിന്റെ ട്വീറ്റ് ഒരു മാസത്തോളം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
'മുഹമ്മദ് സുബൈറിനെ വേദനിപ്പിക്കാനോ വ്രണപ്പെടുത്താനോ വേണ്ടിയോ ദുരുദ്ദേശ്യത്തോടെയോ ചെയ്യാത്ത മുകളില്‍ പറഞ്ഞ കമന്റില്‍ ഖേദിക്കുന്നു' എന്ന വാചകം ഉള്‍പ്പെടുത്തിയാണ് ട്വീറ്റ് ചെയ്യേണ്ടത്.തന്റെ ചെറുമകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് സുബൈറിനെതിരെ ജഗദീഷ് സിംഗ് പരാതി നല്‍കിയിരുന്നു. പോക്സോ നിയമപ്രകാരം തനിക്കെതിരെ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന സുബൈറിന്റെ ഹരജി ജസ്റ്റിസ് ഭംഭാനി തീര്‍പ്പാക്കി. ഹരജിയില്‍ സുബൈറിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
2020 ഏപ്രില്‍ 18നാണ് സുബൈറിന്റെ ട്വീറ്റില്‍ ജഗദീഷ് സിംഹ് 'ജിഹാദി' പരാമര്‍ശം നടത്തിയത്. ഇതിലാണ് ഇപ്പോള്‍ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്താന്‍ ജഗദീഷ് സിംഗ് തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.