ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും

Update: 2021-08-25 07:00 GMT

മണ്ണാര്‍ക്കാട്: ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും. മണ്ണാര്‍ക്കാട് വനം വകുപ്പ് റെയ്ഞ്ച് പരിധിയില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫിസര്‍ ആഷിഖ് അലി അറിയിച്ചു.

വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടുപന്നികളെയാണ് വെടിവെക്കുക. ആര്‍ആര്‍ടി സംഘത്തേയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ റെയ്ഞ്ച് പരിധിയില്‍ നിലവില്‍ ലൈസന്‍സ് പതുക്കിയിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും.

ചൊവ്വാഴ്ച മുതല്‍ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാര്‍ക്കാട് റെയ്ഞ്ച് പരിധിയില്‍ നടപ്പിലാക്കി തുടങ്ങി. കല്ലടിക്കോട് ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി വനപാലകര്‍ പരിശോധിച്ചിട്ടുണ്ട്. കരിമ്പ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ വരുന്നത്. മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്ല്യമുണ്ട്. കാട്ടുപന്നികളുടെ ശല്ല്യം നിമിത്തം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പലയിടങ്ങളിലേയും കര്‍ഷകര്‍.

ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം വാഹന യാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് അരിയൂര്‍ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

Similar News