ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരുപം പ്രത്യേക അന്വേണസംഘത്തിന് കൈമാറി സര്‍ക്കാര്‍
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് റിപോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേണസംഘത്തിന് കൈമാറിയത്.
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരുപം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് കൈമാറി സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് റിപോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേണസംഘത്തിന് കൈമാറിയത്.
കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിലായിരിക്കും കേസിലെ മൊഴികളടക്കമുള്ള രേഖകള്‍ പരിശോധിക്കുക. കേസെടുക്കുന്ന കാര്യത്തിലും ഇന്നായിരിക്കും തീരുമാനമെന്നാണ് സൂചനകള്‍.
ഗുരുതരമായതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളില്‍ പരാതിയില്ലെങ്കിലും നടപടുയെടുക്കാം എന്ന ഹൈക്കോടതി നിര്‍ദ്ദേശം അപകടമുണ്ടാക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തല്‍. പോലിസില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ചോരുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവക്കുന്നുണ്ട്. കേസ് വന്നാല്‍ പ്രതിഛായ തകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും.
റിപ്പോര്‍ട്ടിലെ മൊഴിപകര്‍പ്പ് പുറത്തുവന്നാല്‍ പരാതിക്കാരുടെ സ്വകാര്യത ലംഘിക്കപെടുമോ എന്ന ആശങ്ക സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിക്കുമുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പെടുത്തിയാകും തുടര്‍ നടപടികളെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. അടുത്ത തവണ കേസ് കോടതി പരിഗണിക്കുമ്പോള്‍ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ കോടതിക്കു മുന്നില്‍ വക്കും.