ദീപം തെളിയിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വിശ്വാസം ഒളിച്ചുകടത്തുന്നതിന്റെ ഭാഗം; വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: ലഹരിബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദീപം തെളിയിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് യുവ നേതാവ് വി ആര്‍ അനൂപ്. ദീപാവലിക്ക് ദീപം തെളിയിക്കുകയെന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്നും മന്ത്രി രാജേഷിന് അത് ചെയ്യാന്‍ എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ മന്ത്രിയെന്ന നിലയില്‍ അങ്ങനെ ആഹ്വാനം ചെയ്യുന്നത് വിശ്വാസം ഒളിച്ചുകടത്തലാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ് ബുക്കിലൂടെയാണ് പ്രതിഷേധക്കുറിച്ച് പ്രസിദ്ധീകരിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ദീപാവലിക്ക് ദീപം തെളിയിക്കുക എന്നത് ഒരു ഹിന്ദു വിശ്വാസമാണ്. എം ബി രാജേഷ് എന്ന ഹിന്ദു കമ്യൂണിസ്റ്റിന് സ്വന്തം വീട്ടില്‍ ദീപാവലി ആഘോഷിക്കാനുള്ള എല്ലാ അവകാശമുണ്ട്. എന്നാല്‍ എന്തിന്റെ പേരിലായാലും സര്‍ക്കാറില്‍ മന്ത്രിയായിരുന്ന് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നത്, സ്വന്തം വിശ്വാസം ഒളിച്ച് കടത്തല്‍ മാത്രം അല്ലാ, മറ്റുള്ളവരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കല്‍ കൂടിയാണ്. 'സ്‌റ്റേറ്റിന് മതമില്ലാ ' എന്ന കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ഭാഗം ആരെങ്കിലും മുന്‍ സ്പീക്കര്‍ക്ക് അടിയന്തരമായി അയച്ച് കൊടുക്കണം.