കോഴിക്കോട് സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

Update: 2021-01-07 09:27 GMT

കൊച്ചി: കോഴിക്കോട് സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നടത്തിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. നിലവില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി.

സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ 35 പേര്‍ക്കാണ് സിന്‍ഡിക്കേറ്റ് സ്ഥിരനിയമനം നല്‍കിയത്. സാധാരണ എല്ലാ ഒഴിവുകളും പിഎസ്‌സിക്ക് വിടുകയാണ് പതിവ്. ഇത് മറികടന്നാണ് ഇവര്‍ക്ക് സ്ഥിരനിയമം നല്‍കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. ഇവരില്‍ പലരും പത്ത് വര്‍ഷത്തിലധികമായി താല്‍ക്കാലിക ജോലിക്കാരാണ്.

സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദ് ചെയ്യാന്‍ നേരത്തെ ഹൈക്കോടതിയുടെ ഏകാംഗബഞ്ച് വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

ഡിസംബര്‍ 30ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് സ്ഥിരപ്പെടുത്താനുളള തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താറുണ്ടെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റ് തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചത്.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുളള നീക്കം സംസ്‌കൃത, കാര്‍ഷിക, കൊച്ചി, കേരള സര്‍വകലാശാലയിലും നടക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ് സിക്ക് കൈമാറിയത്.

Tags:    

Similar News