സവര്‍ണ സംവരണം ലഭിക്കാനുള്ള വരുമാന പരിധിയും എട്ട് ലക്ഷം തന്നെ; നീറ്റ് പിജി കൗണ്‍സിലിങ്ങിന് സുപ്രിംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: വിവാദമായ സവര്‍ണ സംവരണത്തില്‍ വരുമാന പരിധി എട്ട് ലക്ഷമായി നിശ്ചയിച്ച് കോടതിയുടെ ഉത്തരവ്. കൊവിഡ് കാലത്തെ അടിയന്തരാവസ്ഥ പരിഗണിച്ചാണ് കോടതി മെഡിക്കല്‍ പിജി പ്രവേശനത്തിന് അനുമതി നല്‍കിയത്. വിധിയുടെ നിയമയുക്തിയെന്താണെന്നതിനെക്കുറിച്ച് വിശദമായ കുറിപ്പ് പിന്നീട് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അതേസമയം ഒബിസി സംവരണം മെറിറ്റ് ഇല്ലാതാക്കുന്നില്ലെന്ന ചില നിരീക്ഷണങ്ങളും കോടതി ഉത്തരവിലുണ്ട്. അതിന്റെ ഫലം സമൂഹത്തിലേക്ക് അരിച്ചിറങ്ങുമെന്നും കോടതി നിരീക്ഷിച്ചു. മത്സര പരീക്ഷകളുടെ ഫലങ്ങള്‍ ചില വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന സാമ്പത്തിക സാമൂഹിക സൗകര്യങ്ങളെ എടുത്തുകാട്ടുന്നില്ല. യോഗ്യതയുടെ മാനദണ്ഡം സന്ദര്‍ഭോചിതമായിരിക്കണമെന്നും കോടതി പറഞ്ഞു. കൊവിഡ് സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാരുടെ ആവശ്യമുണ്ടെന്നും കൗണ്‍സിലിങ് നീണ്ടുപോയാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഏതാനും കാലമായി രാജ്യത്ത് ഡോക്ടര്‍മാര്‍ വലിയ സമരത്തിലായിരുന്നു. നീറ്റ് കൗണ്‍സിലിങ് നടത്താത്തിരിക്കുന്നതുകൊണ്ട് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ജോലി ഭാരം കൂടുതലാണെന്നായിരുന്നു പരാതി. സമരം അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുകയുംചെയ്തു.
ആശുപത്രികളിലെ റസിഡന്റ് ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് അതത് കാലത്തെ പോസ്റ്റ് ഗ്വാജ്വേറ്റ് വിദ്യാര്‍ത്ഥികളായ ഡോക്ടര്‍മാരാണ്. കാലാകാലമായുള്ള രീതി അതാണ്. അവരെയും വച്ചുകൊണ്ടാണ് നമ്മുടെ പൊതുജനാരോഗ്യസംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ ബാച്ച് പുറത്തുപോകുമ്പോഴും അടുത്ത ബാച്ച് ആ സ്ഥാനം ഏറ്റെടുക്കും. അങ്ങനെ അത് മുന്നോട്ട് പോകും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പിജി അഡ്മിഷന്‍ നടത്തി വേഗം റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
സാമ്പത്തിക സംവരണ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന ഹരജിയില്‍ സത്യവാങ് മൂലം നല്‍കാന്‍ വൈകുന്നതായിരുന്നു കൗണ്‍സിലിങ് വൈകാന്‍ കാരണം.
2019ലാണ് രാജ്യത്താകമാനമായി സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. എസ് സി, എസ് ടി, ഒബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന നടപടിയാണ് അത്. പിന്നാക്കക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പിന്നാക്കക്കാര്‍ക്ക് ജാതി സംവരണം ലഭിക്കുന്നതുകൊണ്ടാണ് അത്. അതേസമയം പലയിടങ്ങളിലും സാമ്പത്തിക സംവരണം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ജാതി സംവരണത്തേക്കാള്‍ കുറേ കൂടി അയഞ്ഞതാണ്. ഉദാരണം കേരളം തന്നെ. കേരളത്തില്‍ ജാതിയില്‍ താഴ്്ന്നവരുടെ ദാരിദ്ര്യവും ഉയര്‍ന്നവരുടെ ദാരിദ്ര്യവും തമ്മില്‍ വ്യത്യാസമുണ്ട്.
എന്നാല്‍ നീറ്റിന്റെ കാര്യത്തില്‍ സ്ഥിതി അല്‍പ്പം വ്യത്യാസമാണ്. എട്ട് ലക്ഷം രൂപയില്‍ കുറവ് വരുമാനവും സ്വന്തമായി പ്രത്യേക പരിധിയില്‍ കുറവ് കൃഷിഭൂമിയും വീടും പറമ്പുമുള്ളവര്‍ക്കാണ് ഇത് ലഭിക്കുക. ഈ പരിധിയാകട്ടെ ക്രീമിലയര്‍ വിഭാഗത്തില്‍ പെടുന്നതിനുവേണ്ടി നിശ്ചയിച്ചതുമാണ്. രാജ്യത്ത് ദരിദ്രരായ സവര്‍ണര്‍ക്ക് സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നയപരമായ അധികാരമുണ്ട്. സാമ്പത്തിക സംവരണം നല്‍കുന്നതിനുള്ള പരിധി നിശ്ചയിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. അതനുസരിച്ച് ജൂലൈ 29, 2021ന് സര്‍ക്കാര്‍ 27 ശതമാനം ഒബിസി സംവരണവും പത്ത് ശതമാനം സവര്‍ണ(സാമ്പത്തിക)സംവരണവും ഏര്‍പ്പെടുത്തി. ഈ വര്‍ഷം മുതല്‍ സംവരണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് 8 ലക്ഷം രൂപയില്‍ കുറവ് വരുമാനവും നിശ്ചിത അളവിന് മുകളില്‍ കൃഷിഭൂമിയും പറമ്പും ഇല്ലാത്തവര്‍ക്ക് സംവരണം ലഭിക്കും. ഇതിനെതിരേ നിരവധി ഹരജികള്‍ സുപ്രിംകോടതിയിലെത്തി. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്നാണ് ഒരു ഹരജി വാദിക്കുന്നത്. മറ്റൊരു ഹരജിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്വാട്ട സംവിധാനം പാടില്ലെന്ന് വാദിക്കുന്നു. യോഗ്യത നിശ്ചയിക്കുന്നതിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുളള ഹരജികളുമുണ്ട്. സപ്തംബര്‍ ആദ്യ ആഴ്ച കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു. നിയമം പാസ്സാക്കാന്‍ സര്‍ക്കാരിനുള്ള അധികാരം കോടതി അംഗീകരിച്ചു. അതേസമയം പരിധി നിശ്ചയിച്ചതിനെക്കുറിച്ച് കോടതി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലഘടകം. സംവരണം നല്‍കുന്നതിനുള്ള എട്ട് ലക്ഷം പരിധി എങ്ങനെ നിശ്ചയിച്ചുവെന്ന് കോടതി ആരാഞ്ഞു. മേജര്‍ ജനറല്‍ സിന്‍ഹൊ നടത്തിയ 2010ലെ റിപോര്‍ട്ടാണ് മാനദണ്ഡമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എങ്കില്‍ അത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. പക്ഷേ, സര്‍ക്കാരിനത് കഴിഞ്ഞില്ല.
എട്ട് ലക്ഷം പരിധിയിലുള്ള പിന്നാക്കക്കാരനും അതേ പരിധിയിലുള്ള മുന്നാക്കക്കാരനും ഒരുപോലെയല്ലല്ലോയെന്ന് കോടതി ചോദിച്ചു. രാജ്യത്തിന്റെ ഓരോ പ്രദേശത്തും വ്യത്യസ്ത അളവുകോലുകളല്ലേയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചെങ്കിലും അതിനും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞില്ല. 8 ലക്ഷം എന്ന പരിധി, ഒബിസിക്കാരുടെ ക്രീമിലെയര്‍ പരിധിയില്‍ നിന്ന് എടുത്തുചേര്‍ത്തതല്ലേയെന്നും പഠനത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോയെന്നും കോടതി ചോദിച്ചെങ്കിലും അതിനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ല.
എട്ട് ലക്ഷത്തിന്റെ പരിധി നിശ്ചയിച്ചതില്‍ വ്യക്തത വരുത്താന്‍ കോടതി ആവശ്യപ്പെട്ടു. ഒക്ടബോര്‍ 7, ഒക്ടോബര്‍ 21, നവംബര്‍ 25 തുടങ്ങി പല തവണ സമയം നീട്ടിനല്‍കിയിട്ടും കേന്ദ്രത്തിന് സത്യവാങ് മൂലം നല്‍കാന്‍ കഴിഞ്ഞില്ല. സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളെപ്പോലെ സാമ്പത്തിക സംവരണം ഇല്ലാതെ പ്രവേശനം നടത്താന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അത് അംഗീകരിച്ചില്ല. ഇപ്പോഴത്തെ സാമ്പത്തിക സംവരണപരിധിയില്‍ പ്രവേശനം നടത്താന്‍ ഈ വര്‍ഷം അനുമതി നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ആദ്യം കോടതി നിരസിച്ചു.
ഇപ്പോള്‍ വളഞ്ഞ വഴിയിലൂടെയാണെങ്കിലും സാമ്പത്തിക സംവരണം തത്ത്വത്തില്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം നടപ്പായേക്കും. കൂടുതല്‍ വിവരങ്ങള്‍ പൂര്‍ണമായ ഉത്തരവ് ലഭിച്ചശേഷമേ പറയാനാവൂ. താല്‍ക്കാലിക പരിഹാരമാണോ ഇപ്പോഴത്തേതെന്ന് വ്യക്തമല്ല.