പരാതി നല്‍ക്കാന്‍ എത്തിയ കെഎസ്‌യു നേതാവിനെ പോലിസ് കള്ളക്കേസില്‍ കുടുക്കിയെന്ന്
മാള: പരാതി നല്‍ക്കാന്‍ എത്തിയ കെഎസ്‌യു നേതാവിനെ പോലിസ് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം. ബിസ്സിനസ്സ് അവശ്യങ്ങള്‍ക്കായുള്ള യാത്രാമധ്യേ മാളയില്‍ എത്തിയ കെഎസ്‌യു ജില്ലാ സെക്രട്ടറി നിധിന്‍ ലൂക്കോസും സുഹൃത്തുമാണ് ആരോപണവുമായി രംഗത്തുവന്നത്.
യാത്ര ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാടകക്ക് എടുത്ത വാഹനമാണ് കെഎസ്‌യു ജില്ലാ സെക്രട്ടറിയും സുഹൃത്തും ഉപയോഗിച്ചിരുന്നത്. ഇവര്‍ ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തി പണയപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആലുവ സ്വദേശി നിധിന്‍ വിശ്വം വണ്ടി കടത്തിക്കൊണ്ടുപോയി. ഇതിനെതിരേ പരാതി നല്‍കാന്‍ ഇരുവരും കഴിഞ്ഞ ദിവസം ഉച്ചക്ക് 11 മണിയോടുകൂടി മാള പോലിസില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ നിധിന്‍ ലൂക്കോസ്, ധീരജ് വധക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം അതിന്റെ പകവീട്ടാന്‍ ഇവര്‍ക്കെതിരേ കള്ളക്കേസ് നല്‍കിയെന്നാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍ ആരോപിക്കുന്നത്.
ഇടുക്കിയില്‍ നടന്ന ധീരജ് വധക്കേസില്‍ നിധിന്‍ ലൂക്കോസിന് കോടതി ജാമ്യം നല്‍കിയിരുന്നു. പോലിസ് നടപടികള്‍ക്കെതിരെ രാഷ്ട്രീയപരമായും നിയമപരമായും മുന്നോട്ട് പോകുമെന്ന് മിഥുന്‍ മോഹന്‍ അറിയിച്ചു.