വായ്പാ തുക തിരിച്ചടച്ചിട്ടും ആധാരം നല്‍കിയില്ല; മണപ്പുറം ഫിനാന്‍സിനെതിരേ പരാതിയുമായി ഇടപാടുകാര്‍
മുന്‍ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാന്‍സിന്റെ വിശദീകരണം.
കോഴിക്കോട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ആധാരം പണയംവച്ച് വായ്പ എടുത്തവര്‍ക്ക് ലോണ്‍ തിരിച്ചടച്ചിട്ടും രേഖകള്‍ തിരികെ നല്‍കുന്നില്ലെന്ന് പരാതി. മണപ്പുറം ഫിനാന്‍സിന്റെ കോഴിക്കോട് മാവൂര്‍ റോഡിലുള്ള ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കി. വായ്പയെടുത്ത മുഴുവന്‍ തുകയും ഇവര്‍ നല്‍കിയതായി ബ്രാഞ്ച് മാനേജരും കാഷ്യറും എഴുതി നല്‍കിയ രേഖയും ഇവരുടെ കൈലുണ്ട്. എന്നിട്ടും ആധാരം തിരികെ നല്‍കിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്‍ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാന്‍സിന്റെ വിശദീകരണം. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. കോഴിക്കോട് പൂനൂര്‍ സ്വദേശി റജുല, അത്തോളി സ്വദേശി സുജീഷ്, കക്കയം സ്വദേശി നുസൈബ എന്നിവരാണ് വഞ്ചിക്കപ്പെട്ടത്.