കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം: മണപ്പുറം ഫിനാന്‍സില്‍ ഇഡി റെയ്ഡ്

Update: 2023-05-03 08:49 GMT

തൃശ്ശൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഇഡി റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കമ്പനി 150 കോടിയിലധികം രൂപയുടെ പൊതു നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് ഇഡി അറിയിച്ചു. കമ്പനിയുടെ തൃശ്ശൂരിലെ ആസ്ഥാനവും അതിന്റെ പ്രമോട്ടര്‍മാരുടെയും ഉള്‍പ്പെടെ ആകെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫിസിലും ഉടമ വി പി നന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് മണിക്കൂറായി മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ റെയ്ത് നടത്തുന്നത്. കമ്പനിയുടെ പേരില്‍ വന്‍തോതില്‍ കള്ളപ്പണം ഇടപാടുകള്‍ നടന്നതായാണ് സംശയിക്കുന്നതെന്നും എക്‌സിക്യൂട്ടീവുകളുടെ രേഖകള്‍ ശേഖരിച്ച് മൊഴിയെടുക്കാനുമാണ് ഇഡി ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപോര്‍ട്ടുകളുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ പ്രമുഖ ജ്വല്ലറി ധനകാര്യസ്ഥാപനങ്ങളില്‍ ഒന്നായ ജോയ് ആലൂക്കാസില്‍ ഇഡി റെയ്ഡ് നടത്തുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Tags:    

Similar News