ഡല്‍ഹിയില്‍ എഎപി നേതാക്കളുടെ വീടുകളില്‍ വ്യാപക ഇഡി റെയ്ഡ്

മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പിഎയുടെ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ പരിശോധന

Update: 2024-02-06 06:24 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ലക്ഷ്യമിട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കെജ് രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍ ഡി ഗുപ്ത, ഡല്‍ഹി ജല്‍ ബോര്‍ഡ് മുന്‍ അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ വസതികളിലടക്കം 12ഓളം സ്ഥലങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് റെയ്‌ഡെന്നാണ് ഇഡിയുടെ വിശദീകരണം. അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഞങ്ങള്‍ പേടിക്കില്ലെന്നും ഡല്‍ഹി മന്ത്രിയും എഎപി വക്താവുമായ അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് പല തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ മാസങ്ങളായി ജയിലില്‍ അടച്ചിരിക്കുകയാണ്.

    ഡല്‍ഹി ജല ബോര്‍ഡിന്റെ 30 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് സിബി ഐ അന്വേഷിക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധവനയെന്നാണ് ഇഡിയുടെ വാദം. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജാരാവാനുള്ള ആവശ്യം കെജ്‌രിവാള്‍ തുടര്‍ച്ചയായി തള്ളിയതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. അതിനിടെ, ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചതായും കോടികള്‍ വാഗ്ദാനം ചെയ്തതായും എഎപി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ കെജരിവാളിനും അതിഷിക്കും ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷമായി എഎപി നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും വീടുകളില്‍ റെയ്ഡും അറസ്റ്റും തുടരുകയാണെന്നും എഎപി വക്താവ് അതിഷി പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകള്‍ക്ക് നടത്തിയിട്ടും ഇഡിക്ക് ഒരു രൂപ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും തെളിവ് കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News