മഖ്ദൂമിയം കോണ്‍ഫറന്‍സ് സമാപിച്ചു; ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി അബ്ദുറഹ്മാന്‍
തിരൂരങ്ങാടി: മലബാറിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാകാത്ത ഏടുകളാണ് മഖ്ദും പരമ്പരയുടെ തെന്നും മഖ്ദും വംശജരുടെ ക്രാന്ത ദര്‍ശിത്വവും അനുഭവസമ്പത്തും സാമൂഹിക തത്പരതയും ശ്രദ്ധേയമായിരുന്നുവെന്നും ഹജ്ജ് വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു.ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതര്‍ മതത്തെയും വിജ്ഞാനത്തെയും വ്യത്യസ്ത തലങ്ങളില്‍ ഒതുക്കി നിര്‍ത്താനും സാധാ ജനങ്ങളെ വിജ്ഞാന സമ്പാദനത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും ശ്രമിച്ചപ്പോള്‍ വിജ്ഞാന സമ്പാദനം വിശ്വാസിക്ക് തിളക്കമേകുന്ന ഒന്നാണ് എന്ന് തെളിയിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു മഖ്ദൂമുകള്‍ എന്നും മന്ത്രി പറഞ്ഞു. മഖ്ദും ഫാമിലി അസോസിയേഷനും തിരൂരങ്ങാടി പിഎസ്എംഒ കോളജ് ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മഖ്ദൂമിയം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിറന്ന മണ്ണില്‍ അതിക്രമിച്ച് കയറി അധികാരം സ്ഥാപിച്ച പോര്‍ച്ചുഗീസ് അധിനിവേശത്തോട് പൊരുതി നില്‍ക്കാന്‍ സാമൂതിരിക്ക് പിന്നില്‍ അഭിമാനമുള്ള ജനതയെ പോരാട്ടത്തിനായി അണിനിരത്താന്‍ അക്ഷീണം പ്രയത്‌നിച്ച ഒരു മത പണ്ഡിതനായിരുന്നു ശൈഖ് സൈനുദ്ധീന്‍ മഖ്ദും . കേരള മുസ്ലിംകളുടെ മതസാമൂഹിക ജീവിതത്തെ ഏറെ സ്വാധീനിച്ചവരായിരുന്നു ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമുമാര്‍ . പൊന്നാനി വലിയ പള്ളിസ്ഥാപിച്ച് അവിടെ പള്ളി ദര്‍സ് സ്ഥാപിച്ച ശൈഖ് സൈനുദ്ധീന്‍ മഖ്ദും ഒന്നാമനാണ് അതില്‍ ആദ്യത്തേത് . പോര്‍ച്ച് ഗീസുകാര്‍ക്കെതിരായ പോരാട്ടത്തില്‍ സൈനുദ്ധീന്‍ മഖ്ദും ഒന്നാമന്റെ പുത്രന്‍ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദും പ്രമുഖ പങ്ക് വഹിച്ചു.ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ ശൈഖ് ഗസ്സാലിയുടെ മകനാണ് ശൈഖ് സൈനുദ്ധീന്‍ മഖ്ദും രണ്ടാമന്‍ .
15 , 16 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കുറിച്ച് ലോക പ്രശസ്തമായ അറബി ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ധീന്‍ മഖ്ദും ആയിരുന്നു. കേരളത്തെ കുറിച്ച് എഴുതപ്പെട്ട ആദ്യ ചരിത്ര ഗ്രന്ഥം കൂടിയായിരുന്നു ഇത്. പൊന്നാനി പള്ളിയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് മതഗ്രന്ഥങ്ങളുടെ അദ്ധ്യാപനം മാത്രമല്ല പള്ളിക്കു പുറത്തെ നാനാ ജാതി മത വിഭാഗങ്ങളുടെ സമര പോരാട്ടത്തിന് പോരാട്ട മുഖത്ത് നിന്ന് തന്നെ ഊര്‍ജ്ജം പകര്‍ന്ന അതുല്യ നക്ഷത്രങ്ങളായിരുന്നു മഖ്ദു മുമാര്‍ എന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. പിഎസ് എംഒ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാത്ഥിതിയായി. മഖ്ദും കുടുംബം കേരള സമൂഹ നിര്‍മ്മിതിയും എന്ന വിഷയത്തില്‍ ഡോ: മോയിന്‍ മലയമ്മയും മഖ്ദൂമുമാരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ പ്രൊഫ: എപി അബ്ദുല്‍ വഹാബും പൈതൃക സംരക്ഷണത്തിലെ മഖ്ദുമി സാധ്യതകള്‍ ഡോ. പിപി അബ്ദുല്‍ റസാഖ് പ്രഭാഷണങ്ങള്‍ നടത്തി.
മുന്‍മന്ത്രി നാലകത്ത് സൂപ്പി ,കോളജ് മാനേജര്‍ എംകെ ബാവ, പ്രന്‍സിപ്പല്‍ ഡോ. അസീസ്, അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാരകത്ത്, ഷംസുദ്ധീന്‍ പുതിയകത്ത് ചോലക്കല്‍ ,ഡോ റഫീഖ് ഹുദവി, ഒടി മുസ്ഥഫ ഫൈസി, സദറുദ്ധീന്‍ വാഴക്കാട്, മുഹമ്മദ് അലി നാലകത്ത്, മുഹമ്മദ് ഹസീബ് ,ഡോ. ഷെഫി എഇ, ബഷീര്‍ വാഫി വളപുരം , അബ്ദുള്‍ റഊഫ്,ഡോ എം നിസാര്‍ , മുഹമ്മദ് ത്വയ്യിബ് സുല്ലമി, പ്രൊഫ സലീന പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മഖ്ദും കുടുംബാംഗങ്ങളായ നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു.