മൈക്രോസോഫ്റ്റ് പ്രതിസന്ധി; കൊച്ചിയിൽനിന്നുള്ള ഒമ്പത് വിമാന സര്‍വിസുകള്‍ റദ്ദാക്കി
കൊച്ചി: കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഏതാനും വിമാനസര്‍വിസുകള്‍ ഇന്നും റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വിസുകളാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിലായിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെയും ഏതാനും സര്‍വിസുകളാണ് ഇന്ന് റദ്ദാക്കിയത്. മൈക്രോസോഫ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം കൊച്ചിയില്‍നിന്നുള്ള 12 ആഭ്യന്തര സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള വിമാനമുള്‍പ്പെടെ എട്ടുസര്‍വിസുകള്‍ വൈകുകയുംചെയ്തു.