ഇമ്രാനുവേണ്ടി സമാഹരിച്ച തുക സമാന രോഗബാധിതര്‍ക്കൂടി നല്‍കും; തീരുമാനം ഹൈക്കോടതിയുടെ നിര്‍ദേശം കൂടി പരിഗണിച്ച്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ചു മരിച്ച ഇമ്രാനു വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കു നല്‍കും. സര്‍ക്കാര്‍ അനുമതിയോടെ, ഇമ്രാന്റെ പേരില്‍ മങ്കട ഗവ.ആശുപത്രിയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കാനും ഇമ്രാന്‍ ചികിത്സാ സഹായ കമ്മിറ്റി യോഗം തീരുമാനിച്ചു.
16.61 കോടി രൂപയാണ് ആകെ സംഭാവനയായി ലഭിച്ചത്. ചികിത്സയ്ക്കു വഴിയില്ലാതെ ജനകീയ കമ്മിറ്റി രൂപീകരിച്ചു ധനസമാഹരണം നടത്തുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 2 കോടി രൂപ വീതം 6 പേര്‍ക്കായി നല്‍കും. ക്രൗഡ് ഫണ്ടിങ് നടത്തി 8 ലക്ഷം രൂപയെങ്കിലും സമാഹരിച്ചവര്‍ക്കാണ് തുക നല്‍കുക. ബാക്കി തുക ആശുപത്രി ബ്ലോക്കിനായി ഉപയോഗിക്കും.
ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചു തുടര്‍നടപടികള്‍ എടുക്കും. ഫണ്ട് വിനിയോഗം സംബന്ധിച്ച് സംഭാവന നല്‍കിയവരില്‍ നിന്ന് ജനകീയ അഭിപ്രായം തേടിയിരുന്നു. 75 ശതമാനം പേര്‍ ഇതേ രോഗം ബാധിച്ച മറ്റു കുട്ടികള്‍ക്കു സഹായമായി നല്‍കണമെന്നും 25 ശതമാനം പേര്‍ ഇമ്രാന്‍ സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിര്‍മിക്കണം എന്നുമാണ് അഭിപ്രായപ്പെട്ടത്.
ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, ഇമ്രാന്റെ പിതാവ് ആരിഫ്, ഉമ്മര്‍ അറക്കല്‍, പി.രാധാകൃഷ്ണന്‍, ടി.കെ.റഷീദലി, കെ.ടി.നാരായണന്‍, കെ.ദിലീപ്, എ.മുരളീധരന്‍, എ.ഹരി, ബി.രതീഷ്, കളത്തില്‍ ഹാരിസ്, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.