നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അമ്മയും മകനും തോറ്റു; ജയിച്ചുകയറിയത് കോണ്‍ഗ്രസ്
ബിജെപി സ്ഥാനാര്‍ഥിയായ സുധര്‍മ്മ ദേവരാജനും മകനും സിപിഎം സ്ഥാനാര്‍ഥിയുമായ ഡി എസ് ദിനുരാജുമാണ് പരാജയപ്പെട്ടത്.
കൊല്ലം: അമ്മയും മകനും നേര്‍ക്കുനേര്‍ പോരാടിയ അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇരുവരും തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായ സുധര്‍മ്മ ദേവരാജനും മകനും സിപിഎം സ്ഥാനാര്‍ഥിയുമായ ഡി എസ് ദിനുരാജുമാണ് പരാജയപ്പെട്ടത്. 88 വോട്ടിന് കോണ്‍ഗ്രസിന്റെ എം ബുഹാരി ഇവിടെ ജയിച്ചുകയറി.
ദിനുരാജ് 423 വോട്ടുകള്‍ നേടിയപ്പോള്‍ സുധര്‍മ്മ ദേവരാജന് 335 വോട്ടാണ് ലഭിച്ചത്. 2015ല്‍ വനിതാ സംവരണ വാര്‍ഡായിരുന്ന പനച്ചവിളയില്‍നിന്ന് സുധര്‍മ്മ മല്‍സരിച്ചിരുന്നു.അന്ന് സിപിഎം പ്രതിനിധി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മറികടന്ന് സുധര്‍മ്മ രണ്ടാമത് എത്തിയിരുന്നു.
മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ് സുധര്‍മ.ഭര്‍ത്താവ് ദേവരാജനും ബിജെപി അനുഭാവിയാണ്. ദിനുരാജാകട്ടെ ഹൈസ്‌കൂള്‍ മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. ഒരു വീട്ടില്‍ ആണ് ഇരുവരും താമസിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറിയിരുന്നു.