ഹരീഷ് വാസുദേവന്‍
കൊച്ചി: സിനിമാമേഖലയിലെ ലൈംഗികപീഡനങ്ങളും മറ്റ് പീഡനങ്ങള്‍ക്കുമെതിരേ അന്വേഷിച്ച ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതിനെച്ചൊല്ലിയുളള വിവദം കൊടുമ്പിരികൊള്ളുമ്പോള്‍ റിപോര്‍ട്ട് പുറത്തുവിടണമെന്നാണ് ഹരീഷ് വാസുദേവന്‍ ആവശ്യപ്പെടുന്നത്. അത് പുറത്തുവിടാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അഭിഭാഷകന്‍ കൂടിയായ അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഹേമ കമ്മിറ്റി റിപോര്‍ട്ട് സിനിമാ മേഖലയിലെ അബ്യൂസ് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. ആ റിപോര്‍ട്ട് പുറത്തു വിടണം എന്ന് ഡബ്ലിയുസിസിയോ മറ്റാരുമോ പറയേണ്ട കാര്യമൊന്നുമില്ല, അത് പറയിക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. ലൈംഗികപീഡനത്തെപ്പറ്റി മൊഴി കൊടുത്ത ഇരകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ അത് ചെയ്യാനാകൂ എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണ്. അത് ഡബ്ലിയുസിസിയോ മറ്റാരെങ്കിലുമോ പ്രത്യേകം പറയേണ്ട കാര്യമില്ല. ആരെങ്കിലും പറഞ്ഞതുകൊണ്ട് ഇരകളുടെ വിശദാംശം സര്‍ക്കാരിന് പ്രസിദ്ധീകരിക്കാനും ആവില്ല. റിപോര്‍ട്ട് പുറത്തുവിടാന്‍ ആദ്യാവസാനം ആവശ്യപ്പെട്ട ഡബ്ലിയുസിസി ഉള്‍പ്പെടെ എല്ലാവരും നിയമപ്രകാരമുള്ള നടപടികള്‍ വേണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
മാസ്‌ക് ചെയ്യണ്ടവ മാസ്‌ക് ചെയ്തു ആ റിപോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ ന്യായമായ ഒരു കാരണവും സര്‍ക്കാര്‍ പറയുന്നില്ല. എന്തുകൊണ്ട് അതിലെ പ്രതികളുടെ പേരില്‍ എഫ്‌ഐആര്‍ എടുക്കുന്നില്ല? അതും ഹേമ കമ്മിറ്റി പറഞ്ഞിട്ടാണോ? ഒരുപാട് വൈകി ആണെങ്കിലും ആ റിപോര്‍ട്ടില്‍ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സ്റ്റാറ്റിയൂട്ടറി ആയ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നിട്ടും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു, ഭരണപരമായ കടമ്പകള്‍ ഉണ്ടാക്കിയും ആ റിപോര്‍ട്ടിന്മേല്‍ നടപടി എടുക്കാത്തത്, റിപോര്‍ട്ട് പുറത്തു വിടാത്തത് ശരിയായ നടപടിയല്ല. പീഡകന്മാര്‍ക്ക് തെളിവ് നശിപ്പിക്കാനും മറ്റും അവസരം കിട്ടുന്നു എന്നതും സര്‍ക്കാരിന്റെ ഗൗരവമായ വീഴ്ചയാണ്. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ?
ഇത് മറച്ചുവെയ്ക്കാന്‍ വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും ഇപ്പോള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല.
അപ്പോള്‍ നിയമമന്ത്രി ശ്രീ.പി.രാജീവ് പറയൂ, ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്? റിപോര്‍ട്ട് പുറത്തുവിടാന്‍ എന്താണ് തടസ്സം?