2020ല്‍ താജ്മഹലിലെത്തിയത് മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം കുറവ് സന്ദര്‍ശകര്‍
ആഗ്ര: 2020ല്‍ താജ്മഹലിലെത്തിയത് മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം കുറവ് സന്ദര്‍ശകരെന്ന് ആര്‍ക്കിയോളജി വകുപ്പിന്റെ കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശകരുടെ എണ്ണം ഇത്രയേറെ ഇടിഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന സ്മാരകങ്ങളിലൊന്നാണ് താജ്മഹല്‍.
''2019നെ അപേക്ഷിച്ച് 2020ല്‍ താജ്മഹലില്‍ 76 ശതമാനം കുറവ് സന്ദര്‍ശകരാണ് എത്തിയത്. ഈ ഇടിവ് എല്ലാ മേഖലയിലും ദൃശ്യമായിരുന്നു. 2019ല്‍ 7,37,000 വിദേശ സന്ദര്‍ശകരാണ് താജ്മഹലിലെത്തിയതെങ്കില്‍ 2020ല്‍ അത് 1,82,000 പേരായി കുറഞ്ഞു. 2019ല്‍ 48,35,000 സ്വദേശി സന്ദര്‍ശകരെത്തിയ സ്ഥാനത്ത് 2020ല്‍ 11,34,000 പേരാണ് എത്തിയത്''-പുരാവസ്തു വിഭാഗത്തിലെ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ പറഞ്ഞു.
2020 മാര്‍ച്ച് 17 മുതല്‍ സപ്തംബര്‍ വരെ താജ്മഹല്‍ ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയതും സന്ദര്‍ശകരുടെ എണ്ണം കുറച്ചു. എന്നിട്ടും 24 ശതമാനം പേര്‍ താജ്മഹലിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.