വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന 40 ജില്ലകളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡല്‍ഹി: വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന 40 ജില്ലകളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് വെര്‍ച്വല്‍ മോഡിലായിരിക്കും യോഗം നടക്കുക. യോഗത്തില്‍ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
മുതിര്‍ന്നവരില്‍ ചുരുങ്ങിയത് 50 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനു താഴെ നല്‍കിയ ജില്ലകളിലെ ഉദ്യോഗസ്ഥരെയോ കുറവ് രണ്ടാം ഡോസ് നല്‍കിയ ജില്ലകളിലെ ഉദ്യോഗസ്ഥരെയോ ആണ് യോഗത്തില്‍ പങ്കെടുപ്പിക്കുക.
പുറത്തുവന്ന റിപോര്‍ട്ട് അനുസരിച്ച് ജാര്‍ഖണ്ഡ്, നാഗാലാന്റ്, അരുണാചല്‍, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലകളാണ് വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്നത്.
ഒക്ടോബര്‍ 27ലെ കണക്കനുസരിച്ച് നാഗാലാന്‍ഡിലെ കിഫൈറില്‍ 16.1 ശതമാനം പേര്‍ക്കേ ഒരു ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുളളു. ബീഹാറിലെ അരാരിയയില്‍ ഇത് 49.6 ശതമാനമാണ്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 48.2ശതമാനം, ഔറംഗബാദ് 46.5 ശതമാനം, നാന്ദദ് 48.4 ശതമാനം, അകോല 49.3ശതമാനം, ദിയോഘര്‍ 44.2 ശതമാനം തുടങ്ങിയ ജില്ലകളിലാണ് വാക്‌സിന്‍ കവറേജ് താഴേക്ക് പോയത്.
രാജ്യത്ത് ഇതുവരെ 107 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ ദിവസം മാത്രം 37 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി.