കേന്ദ്ര ബജറ്റ് ചങ്ങാത്ത മുതലാളിമാരോടും സ്വകാര്യവല്‍ക്കരണത്തോടുമുള്ള വിധേയത്വം തെളിയിച്ചുവെന്ന് എസ്ഡിപിഐ

Update: 2021-02-02 08:12 GMT

ന്യൂഡല്‍ഹി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യമേഖലയ്ക്ക് വാഗ്ദാനം ചെയ്യുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ചങ്ങാത്ത മുതലാളിമാരോടും സ്വകാര്യവല്‍ക്കരണത്തോടുമുള്ള വിധേയത്വം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.

രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും കര്‍ഷകര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. ഡീസലിനും പെട്രോളിനും സെസ് ഏര്‍പ്പെടുത്തുന്നത് സാധാരണക്കാരുടെയും പ്രത്യേകിച്ച് കര്‍ഷകരുടെയും സാമ്പത്തിക സ്ഥിതി മോശമാക്കും. സാമൂഹിക ഉന്നമനത്തിനും വികസനത്തിനും വേണ്ട പദ്ധതികളും വ്യവസ്ഥകളും ബജറ്റില്‍ ഇല്ല. കേന്ദ്ര ബജറ്റ് സാമൂഹിക മേഖലയെ പൂര്‍ണമായും അവഗണിക്കുന്നു. ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് വലിയ തുക അനുവദിച്ചിട്ടുണ്ടെങ്കിലും മഹാമാരിക്കെതിരെ പോരാടുന്നതിന് പ്രധാന ഭാഗം മാറ്റിവെക്കുകയും ഗ്രാമീണ മേഖലയിലേക്കുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും പദ്ധതികളും അവഗണിക്കപ്പെട്ടിരിക്കുകയുമാണെന്ന് എം കെ ഫൈസി അഭിപ്രായപ്പെട്ടു.

Tags:    

Similar News