ബെംഗളൂരൂ: കര്‍ണാടക അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള വെള്ളിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മഴ വീണ്ടും ശക്തമായതും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് തിരച്ചില്‍ നിര്‍ത്തിയത്.
ലൈറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിച്ച് ഒന്‍പതുമണി വരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മുതല്‍ തിരച്ചില്‍ പുനഃരാരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ബെംഗളൂരൂവില്‍ നിന്ന് റാഡാര്‍ ഡിവൈസ് എത്തിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. റഡാര്‍ വഴി ലോറി കൃത്യമായി കണ്ടാത്താന്‍ കഴിഞ്ഞാല്‍ അതേ ദിശയില്‍ മണ്ണെടുത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
കോഴിക്കോട് സ്വദേശിയായ അര്‍ജുനെ 16 നാണ് കാണാതായത്. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.