ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവന നല്‍കിയെന്ന് നിയമസഭാ സ്പീക്കര്‍

Update: 2021-11-11 09:37 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കെലാംപ്‌സ് (പാര്‍ലമെന്ററി സ്റ്റഡീസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ 'ആധുനിക കേരള നിര്‍മിതിയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും' എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ കേരള സംസ്ഥാനത്തിന്റെ വികാസപരിണാമങ്ങളും മഹത്തായ ചരിത്രവും സംഭാവനകളും വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ പ്രഭാഷണം നടത്തി. അന്തര്‍ദേശീയ ദേശീയ തലങ്ങളിലെ മാറ്റങ്ങള്‍ കേരളത്തിന്റെ വികാസ പരിണാമത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും 'കേരള മോഡല്‍' എങ്ങനെ ആവിര്‍ഭവിച്ചുവെന്നും ഡോ. രാജന്‍ ഗുരുക്കള്‍ വിശദീകരിച്ചു. 

ഡോ. രാജന്‍ ഗുരുക്കള്‍ക്ക് സ്പീക്കര്‍ നിയമസഭയുടെ ഉപഹാരം സമ്മാനിച്ചു. നിയമസഭാവളപ്പിലെ വൃക്ഷ പുഷ്പ സമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ചെടികളില്‍ ഘടിപ്പിച്ച ക്യൂ.ആര്‍ കോഡ് വഴി ചെടിയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന 'ഡിജിറ്റല്‍ ഉദ്യാനം' നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ സദസിന് പരിചയപ്പെടുത്തി. സ്പീക്കര്‍ ഡിജിറ്റല്‍ ഉദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഭരണഭാഷാ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഔദ്യോഗികഭാഷ വകുപ്പുതല സമിതിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഭരണഭാഷാ സേവന/ സാഹിത്യ പുരസ്‌കാരങ്ങള്‍ 2020ലെ ജേതാക്കള്‍ക്ക് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചേര്‍ന്ന് സമ്മാനിച്ചു. മന്ത്രിമാരും നിയമസഭാ സാമാജികരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News