സമരം അവസാനിപ്പിക്കില്ല; താങ്ങുവില ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണം നടത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച

Update: 2021-11-19 07:25 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാപരമായ രീതിയില്‍ നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍. കൂടാതെ താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം നിര്‍മിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടും. ഇന്ന് രാവിലെ രാഷ്ട്രത്തെ അഭിസംബോധന ചെയത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം ജനങ്ങളെ അറിയിച്ചത്. 

'മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് ഇന്ന് ഞാന്‍ വന്നിരിക്കുന്നത്'- മോദി പറഞ്ഞു. 'കര്‍ഷകരോട് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നമുക്ക് വീണ്ടും ആരംഭിക്കാം.'-ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ചായിരുന്നു മോദിയുടെ പ്രസംഗം.

ഈ മാസം അവസാനമാണ് അടുത്ത പാര്‍ലമെന്ററി സമ്മേളനം നടക്കുക. അന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിഷേധം പിന്‍വലിക്കില്ലെന്നു മാത്രമല്ല, താങ്ങുവില സംബന്ധിച്ച് പുതിയ നിയമം നിര്‍മിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഞങ്ങള്‍ പ്രതിഷേധം പിന്‍വലിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കൂടാതെ, താങ്ങുവില സംബന്ധിച്ച ഒരു നിയമം പാസ്സാക്കണം''- സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

താങ്ങുവിലയെന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ പൊതുസമിതിയുടെ തീരുമാനം. 

Tags:    

Similar News