സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തെ കേസന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രിംകോടതി. ഭരണഘടയുടെ ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമാണ് ഇതെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വാല്‍ക്കര്‍, ബി ആര്‍ ഗവായ് തുടങ്ങിയവര്‍ അംഗമായ ബെഞ്ച് നിരീക്ഷിച്ചു.
ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ 5, 6 സെഷന്‍ അനുസരിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് അന്വേഷണ പരിധി മാറ്റണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി അത്യാവശ്യമാണ്.
നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് സിബിഐയുടെ അന്വേഷണ പരിധി മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങൡലേക്കും വ്യാപിപ്പിക്കാനുളള അവകാശമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ അത് നടപ്പാക്കാന്‍ സാധിക്കൂ- കോടതി വ്യക്തമാക്കി.
അഴിമതിക്കേസില്‍ തങ്ങള്‍ക്കെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനതിരേ ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രിംകോടതിയുടെ വിശദീകരണം.
ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതു അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ ഈ വിധിക്ക് വലിയ പ്രാധാന്യമാണ് നിയമവൃത്തങ്ങള്‍ കല്‍പ്പിക്കുന്നത്.
അലഹബാദ് ഹൈക്കോടതി 2019 ആഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ഫെര്‍ട്ടികൊ മാര്‍ക്കറ്റിങ് ആന്റ് ഇന്‍വെസ്റ്റമെന്റിനെതിരേ പുറപ്പെടുവിച്ച ഒരു വിധിയുമായി ബന്ധപ്പെട്ടാണ് കേസ് സുപ്രിംകോടതിയില്‍ എത്തിയത്. ഇതേ കേസില്‍ രണ്ട് സര്‍ക്കാര്‍ജീവനക്കാരും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.