ഗവര്‍ണര്‍ തിരിച്ചയച്ച നീറ്റ് ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസ്സാക്കി

Update: 2022-02-09 01:33 GMT

ചെന്നൈ; ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ച നീറ്റ് ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസ്സാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിച്ചത്. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷയോടൊപ്പം പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ബില്ല് ഐകകണ്‌ഠ്യേനയാണ് പാസ്സാക്കിയത്. മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മുന്‍ഗണനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. നേരത്തെയും അദ്ദേഹം തന്നെയാണ് ബില്ല് അവതരിപ്പിച്ചത്.

ഒരിക്കല്‍ പാസ്സാക്കിയ ഈ ബില്ല് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അനുമതിക്കായി അയച്ചെങ്കിലും പാവപ്പെട്ടവര്‍ക്കും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ബില്ല് ഗുണം ചെയ്യില്ലെന്ന വിമര്‍ശനമുന്നയിച്ച് അദ്ദേഹമത് തിരിച്ചയച്ചു. സിഎംസി വെല്ലൂര്‍ കേസിലെ ഇതുസംബന്ധിച്ച വിധിയും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഗവര്‍ണറുടെ നടപടി തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പാര്‍ലമെന്റിലും അതിന്റെ അലകളുയര്‍ന്നു. ബില്ല് ഒപ്പിടാതെ തിരിച്ചയച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നായിരുന്നു ആവശ്യം.

പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ തമിഴ്‌നാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദനങ്ങളിലൊന്നാണ്. 

Tags:    

Similar News