ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും ദ്രവിച്ചു കഴിഞ്ഞു: ജസ്റ്റിസ് കെമാല്‍ പാഷ

''ജനാധിപത്യത്തില്‍ ഒരു പൊളിച്ചെഴുത്തിനു സമയമായിരിക്കുകയാണ്. മൃഗീയമായ ഭൂരിപക്ഷ തീരുമാനങ്ങള്‍ നടപ്പാക്കലല്ല ജനാധിപത്യം. ശരിയായ തീരുമാനങ്ങളാണ് വരേണ്ടത്. എതിരായ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.''

Update: 2020-03-05 09:05 GMT

പരപ്പനങ്ങാടി: ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും ദ്രവിച്ചു കഴിഞ്ഞെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പരപ്പനങ്ങാടിയില്‍ വി ദ പീപ്പള്‍ ഓഫ് ഇന്ത്യ ഒരുക്കിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ ഒരു പൊളിച്ചെഴുത്തിനു സമയമായിരിക്കുകയാണ്. മൃഗീയമായ ഭൂരിപക്ഷ തീരുമാനങ്ങള്‍ നടപ്പാക്കലല്ല ജനാധിപത്യം. ശരിയായ തീരുമാനങ്ങളാണ് വരേണ്ടത്. എതിരായ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഗാന്ധിജിയേയും താജ്മഹലിനെയും വെറുക്കുന്നവര്‍ ലോകതലവന്‍മാര്‍ വരുമ്പോള്‍ പട്ടേല്‍ വിഗ്രഹങ്ങള്‍ മറച്ചു പിടിച്ചും കോളനികള്‍ മതില്‍ കെട്ടിയും ഇന്ത്യയിലെ നേരിനെ മായ്ക്കുന്നതോടൊപ്പം അവരെ കാണിക്കുന്നത് മഹാത്മജിയേയും താജ്മഹലുമാണ്.

ജനാധിപത്യത്തില്‍ പ്രതികരണ ശേഷിയില്ലാത്തവര്‍ ഉണ്ടായാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും എന്നതിനു തെളിവാണ് ഇന്നു കാണുന്നത്. ഇനി പ്രതികരിച്ചാലൊ തുറങ്കിലുമടക്കും. ഒരു എഫ്‌ഐആറുമില്ലാതെയാണ് ചിദംബരത്തെ ജയിലിലിട്ടത്. അദ്ദേഹം മുട്ടാത്ത കോടതികളില്ലായിരുന്നു. പിന്നെ ഏത് നീതിയാണ് ഇവിടെ ഉള്ളത്.

ഡല്‍ഹിയില്‍ നീതി നടപ്പിലാക്കാന്‍ ശ്രമിച്ച ജസ്റ്റിസ് മുരളീധരനെ രാത്രി 2 മണിക്ക് ഉറക്കമൊഴിച്ചു നിന്ന് ഒപ്പിട്ട് നാടുകടത്തിയ പ്രസിഡന്റാണ് നമുക്കുള്ളത്'. അതോടെ വിധിയുടെ ഗതി മാറി. പണ്ട് ഇത്തരം വിധികള്‍ വന്നാല്‍ വലിയ ആക്ഷേപമാണ് നേരിട്ടിരുന്നെങ്കില്‍ ഇന്നതില്ല. ഒരു അടിയന്തിര പ്രാധാന്യവുമില്ലാത്ത ശബരി കേസാണ് കോടതികള്‍ കേള്‍ക്കുന്നത്.

നീതി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടപ്പിലാക്കും എന്നു പറഞ്ഞ് പ്രതിജ്ഞ എടുക്കുന്ന ജഡ്ജിയാണ് പറയുന്നത് തങ്ങള്‍ സമര്‍ദ്ദത്തിലാണെന്ന്. സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് എന്തും വിധിക്കാന്‍ അധികാരം നല്‍കുന്ന 144 ആര്‍ട്ടിക്കിള്‍ ഉള്ളപ്പോഴാണ് ഇത് പറയുന്നതും ഭയപ്പെടുന്നതും. എന്നാല്‍ ഇതേ വകുപ്പ് വെച്ചാണ് ബാബരി മസ്ജിദ് കേസില്‍ ഒരു തെളിവുമില്ലാതെ വിധിപറഞ്ഞത്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവര്‍ ഇതിനേക്കാള്‍ നല്ലത് രാജിവച്ച് ഒഴിയുകയാണ്. ഡല്‍ഹിയില്‍ നടന്നത് കലാപം എന്നാണ് ചിലര്‍ പറയുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നാണ് കെജ്രിവാളും പറയുന്നത്. ഇലക്ഷന്‍ കഴിയുന്നതു വരെ അയാള്‍ അത് പറഞ്ഞില്ല. ഏകപക്ഷീയമായ വംശീയ ഉന്മൂലനമാണ് അവിടെ നടന്നത്.

ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ദ്രവിച്ചു കഴിഞ്ഞു. അല്പമെങ്കിലുമുള്ളത് മാധ്യമങ്ങള്‍ക്കാണ്. അതു കൊണ്ടാണ് ലോകം സത്യം തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മയില്‍ സി.പി.എം വിട്ടു നിന്നതും കേരള സര്‍ക്കാറിനെ കെമാല്‍ പാഷ വിമര്‍ശിക്കാത്തതും ശ്രദ്ധേയമായി'




Tags:    

Similar News