അധികാരങ്ങള്‍ നല്‍കിയ ശേഷം, കാണുന്നവരെ വെടിവച്ചുകൊല്ലൂ എന്നുപറഞ്ഞ് പോലിസിനെ ഇറക്കിവിടുന്നത് ശരിയല്ല: ജസ്റ്റിസ് കെമാല്‍ പാഷ

ആരാണ്, എന്താണ് എന്നൊന്നുമറിയാതെ വെടിവെച്ചു കൊന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പട്ടിണിപ്പാവങ്ങളൊക്കെയാകാം ഈ വനത്തിലൊക്കെ വന്നു കയറുന്നത്. അവരെ വെടിവെച്ച് കൊല്ലുകയെന്നത് സ്വാഗതം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.

Update: 2019-10-29 08:48 GMT

കൊച്ചി: മാവോവാദികളെ വെടിവെച്ചു കൊന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. സംഭവത്തിൻറെ യഥാര്‍ഥ വസ്തുതകള്‍ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പോലീസിനെ വെടിവെച്ചു എന്ന കാരണത്താല്‍ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. മറ്റു വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മഞ്ചക്കണ്ടിയിലെ വെടിവയ്പ്പില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. സംഭവത്തെ കുറിച്ചുള്ള പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവരുന്നത്. വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വിദഗ്ധരടങ്ങുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യമാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ളവരും ഫോറന്‍സിക് വിദഗ്ധരും കമ്മീഷനില്‍ വേണം. മാവോവാദികള്‍ വെടിവെച്ചിരുന്നോ അതിനെ തുടര്‍ന്നാണോ പോലീസ് തിരിച്ചു വെടിവയ്ക്കാന്‍ കാരണമായത് എന്നുള്ളത് കണ്ടെത്തണം. പോലിസിനെ വെടിവെച്ചെങ്കില്‍ പോലിസിന് തിരിച്ചു വെടിവയ്ക്കാം. അല്ലാതെ മാവോവാദികള്‍ക്കു നേരെ വെടിവയ്ക്കാന്‍ പാടില്ല.

നക്‌സലൈറ്റായാലും മാവോവാദികളാണെങ്കിലും എത്രവലിയ ഭീകരവാദ സംഘടനയായാലും അവരെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പോലിസിനുണ്ടെന്ന് നിയമത്തില്‍ പറയുന്നില്ല. ആരാണ്, എന്താണ് എന്നൊന്നുമറിയാതെ വെടിവെച്ചു കൊന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പട്ടിണിപ്പാവങ്ങളൊക്കെയാകാം ഈ വനത്തിലൊക്കെ വന്നു കയറുന്നത്. അവരെ വെടിവെച്ച് കൊല്ലുകയെന്നത് സ്വാഗതം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.

മാവോവാദികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. കോടതികളാണ് ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഇവരെ തൂക്കിക്കൊല്ലാന്‍ വകുപ്പൊന്നുമില്ല, ഒരാളെ വെടിവച്ചുകൊല്ലാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ വെടിവച്ച് കൊല്ലപ്പെടേണ്ടവരാണോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുന്നോട്ടു വരാത്തതെന്താണ്. എല്ലാവര്‍ക്കും എല്ലാവരെയും ഭയമാണ്"

പോലിസിനെ കുറ്റം പറയുന്നില്ല. അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയ ശേഷം, പോയി അവിടെ കാണുന്നവരെ വെടിവച്ചുകൊല്ലൂ എന്നുപറഞ്ഞ് ഇറക്കിവിടുന്നത് ശരിയല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. ഒരു പക്ഷെ മാവോവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരായിരിക്കാം. ആദിവാസി ഊരുകളില്‍ കടന്നുചെന്ന് ചില കാര്യങ്ങളൊക്കെ അവര്‍ ചെയ്‌തെന്നിരിക്കും. അത് അപകടകരമായ രീതിയിലേക്ക് പോകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതല്ലാതെ ഇവരെ ഉന്മൂലനം ചെയ്ത് നാടു നന്നാക്കാമെന്ന് വിശ്വസിക്കുന്നത് കാടത്തമാണ്.


Tags:    

Similar News