ഭാഗ്യക്കുറിയുടെ ദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. എന്നിട്ടും കേരളത്തിന്റെ പ്രധാനവരുമാന ഇനമായി ലോട്ടറി മാറി. എന്നാല്‍ ലോട്ടറി എടുക്കുന്നവരുടെ കാര്യം വളരെ ഗൗരവമായ പ്രശ്‌നമാണ്. ഇന്ന് കേരളത്തില്‍ അത് ഒരു രോഗം പോലെയായിരിക്കുന്നു. അധ്വാനം അല്ല ഭാഗ്യം ആണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ സന്ദേശം അത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആള്‍ക്കാര്‍ ആയ കമ്മ്യൂണിസ്‌റുകാര്‍ എങ്കിലും ഇത് തിരിച്ചു അറിയേണ്ടതല്ലേയെന്നാണ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ (https://www.facebook.com/permalink.php?story_fbid=348039933643128&id=100053113720922) ജോസ് സെബാസ്റ്റിയന്‍ ചോദിക്കുന്നത്:
ജോസ് സെബാസ്റ്റിയന്‍
അടിച്ചിടലിന് ശേഷം ഭാഗ്യക്കുറിയുടെ വില്‍പന ഇരട്ടി ആയെന്നു ചില പത്ര വാര്‍ത്തകള്‍ കണ്ടൂ. ദാരിദ്ര്യം കൂടുന്തോറും ഭാഗ്യത്തിന്റെ പുറകെ ജനം പോകും. അവര്‍ക്കും സന്തോഷം. പോയാല്‍ 30 രൂപ. കിട്ടിയാലോ 60 ഉം 75 ഉം ലക്ഷങ്ങള്‍. സര്‍ക്കാരിന് ആണെങ്കിലോ, നികുതിപ്പണം കൊണ്ട് നടത്തി എടുക്കേണ്ട പല കാര്യങ്ങള്‍ക്കും വേണ്ട പണം കണ്ടെത്താനുള്ള എളുപ്പവഴി. കാരുണ്യ പോലുള്ള ലോട്ടറി കൊണ്ട് എത്രയോ പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാന്‍ ആയി? ലോട്ടറി കമ്മീഷന്‍ കൊണ്ട് ജീവിതം കൂട്ടി മുട്ടിച്ചു കൊണ്ടുപോകുന്ന 3 ലക്ഷം വരുന്ന ലോട്ടറി തൊഴിലാളികളും സന്തുഷ്ടാണ്. എല്ലാവരും ഒരുപോലെ വിജയിക്കുന്ന ഈ 'കേരളാ മോഡല്‍' അല്ലേ അനുകരിക്കേണ്ടത്?
എന്നിട്ടും എന്താണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചത്? 2017-18 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ലോട്ടറി വരുമാനത്തിന്റെ 95.95 ശതമാനം കേരളത്തില്‍ നിന്നാണ്. ലോട്ടറി പാവപ്പെട്ടവരുടെ മേലുള്ള നികുതി ആണെന്ന് തിരിച്ചു അറിഞ്ഞത് കൊണ്ടാണ് അവരൊക്കെ അത് നിരോധിച്ചത്.
കേരളത്തില്‍ നികുതി പിരിവ് ബുദ്ധിമുട്ട് ആണെന്ന് രണ്ടു മുന്നണിക്കും അറിയാം. ഏതെങ്കിലും മേഖലയില്‍ നിന്ന് നികുതി പിരിക്കാന്‍ പോയാല്‍ എതിര്‍പ്പ് ഉയരും. നേരെ മറിച്ച് മദ്യവും ലോട്ടറിയും ആകുമ്പോള്‍ എല്ലാവര്‍ക്കും സമ്മതം. ഈ രണ്ടു ഇനങ്ങളില്‍ നിന്ന് ഉള്ള വരുമാനം 1970-71 ഇല്‍ മൊത്തം തനതു വരുമാനത്തിന്റെ 14.77 ശതമാനം ആയിരുന്നു. ഇന്ന് അത് 36ശതമാനത്തിനു മുകളിലാണ്്.
ലോട്ടറി പാവപ്പെട്ടവര്‍ക്ക് ചെയ്യുന്ന ദോഷം എന്താണ്? അത് ജനങ്ങളെ ഭാഗ്യ അന്വേഷകള്‍ ആക്കി മാറ്റുന്നു. അധ്വാനം അല്ല ഭാഗ്യം ആണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ സന്ദേശം അത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആള്‍ക്കാര്‍ ആയ കമ്മ്യൂണിസ്‌റുകാര്‍ എങ്കിലും ഇത് തിരിച്ചു അറിയേണ്ടതല്ലേ?
ലോട്ടറി ലഹരി കുത്തി വെക്കുന്നത് വളരെ തന്ത്രപരമായാണ്. ഇടക്ക് 500ഉം 1,000വുമൊക്കെ അടിക്കും. ഭാഗ്യം അങ്ങ് അടുത്തിരിക്കുന്നു എന്ന തോന്നല്‍ ഇത് ഉണ്ടാക്കുന്നു. പിന്നെ 30 രൂപക്ക് എടുക്കുന്നവര്‍ 300 രൂപക്ക് എടുക്കും. അതിനിടയില്‍ ആയിരിക്കും അടുത്ത് ഇവിടെ എങ്കിലും 12 കോടിയുടെ ബംപര്‍ അടിച്ച് എന്ന വാര്‍ത്ത വരുന്നത്. പിന്നെ പിടിച്ചാല്‍ കിട്ടുകേല!!
ഒരു മുപ്പതു വര്‍ഷം തുടര്‍ച്ച ആയി ലോട്ടറി എടുത്ത ഒരാള്‍ക്ക് കിട്ടിയ സമ്മാനവും അയാള്‍ എടുത്ത് ടിക്കറ്റുകള്‍ വിലയും താരതമ്യം ചെയ്താല്‍ ഞെട്ടി പോകും. ലോട്ടറി സമ്പത്തിന്റെ പുനര്‍വിതരണം ആണെന്നോക്കെ തെറ്റിദ്ധരിക്കുന്ന ആള്‍കാര്‍ ഉണ്ട്. സത്യത്തില്‍ സംഭവിക്കുന്നത് പാവങ്ങളുടെ ഇടയിലെ പുനര്‍വിതര്‍ണം ആണ്.
മദ്യത്തിന്റെയും ലോട്ടറിയുടെയും ലഹരിക്ക് അടിമപ്പെടുന്നവര്‍ താരതമ്യേന കൂടുതല്‍ പാവപ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് മുന്‍പ് ഞാന്‍ ഒരു പോസ്റ്റില്‍ എഴുതി. അവരുടെ ഇടയില്‍ അതിവേഗം ദരിദ്രവല്‍കരണം നടക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അടുത്തിടെ നടന്ന ആര്‍മഹത്യ എടുത്താല്‍ 85 ശതമാനം താഴ്ന്ന ഇടത്തരക്കാര്‍ ആയ ഹിന്ദുക്കള്‍ ആണ്.
ലോട്ടറി ലഹരിയില്‍ നിന്ന് കേരളത്തിന് രക്ഷയില്ല. 3 ലക്ഷം ലോട്ടറി തൊഴിലാളികളുടെ ജീവിതമാര്‍ഗമല്ലേ? ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് തൊഴിലാളികള്‍, സ്വര്‍ണക്കടത്ത്‌തൊഴിലാളികള്‍, വ്യാജവാറ്റ് തൊഴിലാളികള്‍, ഗുണ്ടാ തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങള്‍ ആണല്ലോ ഇവിടെ തൊഴില്‍ സൃഷ്ടിക്കുന്നത്. കലികാലം എന്ന് അല്ലാതെ എന്ത് പറയാന്‍!