ബസില്‍ ഉപദ്രവിച്ചയാളെ യുവതി ഓടിച്ചിട്ട് പിടികൂടി പോലിസിന് കൈമാറി; പ്രതി റിമാന്റില്‍

Update: 2022-03-31 11:50 GMT

കാഞ്ഞങ്ങാട്: ബസിനുള്ളില്‍വച്ച് ഉപദ്രവിച്ച ശേഷം ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ 21കാരി ഓടിച്ചിട്ട് പിടികൂടി പൊലിസിന് കൈമാറി. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശിയായ തൃക്കരിപ്പൂര്‍ മാണിയാട്ട് അങ്കണവാടിക്ക് സമീപം താമസിക്കുന്ന രാജീവന്‍(52) ആണ് പ്രതി. പ്രതിയെ റിമാന്‍ഡ് ചെയ്തു. കരിവെള്ളൂര്‍ സ്വദേശിനിയാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. സ്വന്തം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവതിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. പണിമുടക്ക് ആയതിനാല്‍ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ബസ് നീലേശ്വരത്ത് എത്തിയപ്പോള്‍ ഒരാള്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പല തവണ താക്കീത് ചെയ്യുകയും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ശല്യം തുടര്‍ന്നു. ഇതോടെ വിവരം കണ്ടക്ടറോട് പറഞ്ഞു. ഈ സമയം ബസ് കാഞ്ഞങ്ങാട് എത്തിയിരുന്നു. പ്രതിയോട് ബസില്‍നിന്ന് ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പോലിസില്‍ ഏല്‍പ്പിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിങ്ക് പോലിസിനെ വിവരം അറിയിക്കാനായി ഫോണ്‍ എടുത്തപ്പോള്‍ ശല്യം ചെയ്തയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. അക്രമിയുടെ പിന്നാലെ യുവതിയും ഓടി.

കാഞ്ഞങ്ങാട് നഗരത്തിലൂടെ നൂറു മീറ്ററോളം പിന്നാലെ ഓടി യുവതി അക്രമിയെ സമീപവാസികളുടെ സഹായത്തോടെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരു ലോട്ടറി കടയില്‍ കയറി ഒന്നും സംഭവിക്കാത്തതുപോലെ നിന്ന അക്രമിയെ യുവതിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഉടന്‍ പോലിസില്‍ വിവരം അറിയിക്കുകയും കാഞ്ഞങ്ങാട് പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Similar News