നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് ആലോചനയില്ല; വിദ്വേഷപ്രചാരകര്‍ക്കെതിരെ നടപടിയെന്നും മുഖ്യമന്ത്രി
നാര്‍ക്കോട്ടിക് മാഫിയ മനസ്സിലാവും. മറ്റേത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അത്തരമൊരു കാര്യം നാട്ടില്‍ ഇതുവരേ കേള്‍ക്കാത്തൊരു കാര്യമാണ്.
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. ഏത് വിഷയവും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന സമൂഹമാണ് നമ്മുടേത്.
നര്‍കോട്ടിക് ജിഹാദ്- പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെതിരേ കേസെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇവിടെ മറ്റുശക്തകളൊക്കൊ ഉണ്ടെങ്കിലും അവര്‍ക്കല്ല പ്രാമുഖ്യം. മത നിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും. അതിന് ഉതകുന്ന സമീപനം മാത്രമേ സ്വീകരിച്ച് പോകാവൂ. അതിന് വിരുദ്ധമായ ഒരു നീക്കവും ഉണ്ടാകാന്‍ പാടില്ല.
നര്‍ക്കോട്ടിക്ക് എന്ന് കേള്‍ക്കാറില്ല. സമൂഹത്തില്‍ നല്ല യോജിപ്പുണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അതില്‍ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കല്‍ ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. നര്‍ക്കോട്ടിക്ക് എന്ന് കേട്ടിട്ടുണ്ട്. യാഥാര്‍ഥ മാഫിയ നര്‍ക്കോട്ടിക് മാഫിയയാണ്. ലോകത്ത് തന്നെ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയാണ്. അത് ചില ഗവണ്‍മെന്റുകളേക്കാള്‍ ശക്തമാണ്.
ആ മാഫിയയെ മാഫിയ ആയിട്ടല്ലേ കാണേണ്ടത്. അതിന് ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ല. അതാണ് പ്രശ്‌നം. അതാണ് ഇതിന്റെ ഭാഗമായി കാണേണ്ട കാര്യം. മത ചിഹ്നം നല്‍കിയതിനെകുറിച്ചാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന്റേതായി, അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ ഏതെങ്കിലും തരത്തിലുള്ള മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക, അത് മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനമുണ്ടാകാതിരിക്കലാണ് വേണ്ടത്.
ആഭിചാരപ്രവര്‍ത്തനത്തിലൂടെ മാറ്റുന്നു എന്നു പറയുന്നത് പഴയ നാടുവാഴിത്ത സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് താമരശ്ശേരി ബിഷപ്പിന്റെ വിവാദ കൈപ്പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ട്. അതൊന്നും ഇപ്പോള്‍ നാട്ടില്‍ ചിലവാകില്ല. ശാസ്ത്രയുഗമാണ്, ശാസ്ത്ര ബോധം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ഇതിനെ തെറ്റായി രീതിയില്‍ ഉപയോഗികുന്ന ചില ശക്തികളുണ്ട്. ആ ശക്തികളെ നാം കാണാതിരിക്കരുത്. വര്‍ഗ്ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികള്‍ യഥാര്‍ഥത്തില്‍ ദുര്‍ബലമാവുകയാണ്. അങ്ങനെയുള്ളവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എവിടെയെങ്കിലും ചാരി, എവിടെ നിന്നെങ്കിലും സഹായം ലഭിക്കുമോ എന്ന ശ്രമം നടത്താന്‍ തയ്യാറായെന്ന് വരും. അത് എല്ലാവരും മനസ്സിലാക്കുന്ന കാര്യമാണ്. അത് മനസ്സിലാക്കണം.
ഇരു കൂട്ടരെയും വിളിച്ച് ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷ ആവശ്യം നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ സാധ്യതകള്‍ ആരായുന്നുണ്ട്. എന്നാല്‍, വിദ്വേഷപ്രചാരണത്തില്‍ ചര്‍ച്ച ആവശ്യമില്ല. വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലിസ് നീങ്ങും. അതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലിസിന് നേരത്തേ ഉള്ളതാണ്. അതിനുള്ള നിര്‍ദ്ദേങ്ങള്‍ അതിശക്തമായി നല്‍കുകയും ചെയ്തു.
ജോസ് കെ മാണിയുടെ നിലപാട് മുന്നിണിയില്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്നതല്ലേ എന്നു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു സമുദായം എന്ന നിലയില്‍ സമുദായത്തിന്റെ കാര്യങ്ങള്‍, സമുദായം ആലോചിക്കുമല്ലോ. പൊതുസംഘടനകള്‍ പൊതുകാര്യങ്ങള്‍ ആലോചിക്കും. സമുദായ കാര്യങ്ങള്‍ സമുദായ സംഘടനകള്‍ തീരുമാനിക്കും. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നില്‍ അവര്‍ അവരുടെ കാര്യങ്ങള്‍ പറയുന്നു. സമുദായത്തോട് പറയേണ്ട കാര്യങ്ങള്‍ പറയുന്നതില്‍ ആരും കുറ്റം കാണില്ല. എന്നാല്‍ സമുദായത്തോട് പറയേണ്ട കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റേതെങ്കിലും വിഭാഗത്തെ ഉപയോഗിച്ച് കൊണ്ട് പറയുന്നത്, മറ്റുവിഭാഗങ്ങളുടെ മതവികാരം വൃണപ്പെടുത്തും. അത് ആദരീയരായ വ്യക്തികളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് മാത്രമാണ് ഇവിടെ വിവാദമായി വന്ന പ്രശ്‌നം. മറ്റേകാര്യം അവരുടെ അവകാശമാണ്. അത് തുടരും. അതില്‍ ആരും കുറ്റം കാണില്ല. ആ ഒരു കാര്യമാണ് ജോസ് കെ മാണി എടുത്തുപറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നര്‍കോട്ടിക് ജിഹാദ് എന്ന പരാമര്‍ശത്തില്‍, സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പരിശോന നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു കാര്യം മനസ്സിലാക്കാന്‍ പ്രയാസമുള്ളകാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍കോട്ടിക്കിനെ സാധൂകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നാര്‍ക്കോട്ടിക് മാഫിയ മനസ്സിലാവും. മറ്റേത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അത്തരമൊരു കാര്യം നാട്ടില്‍ ഇതുവരേ കേള്‍ക്കാത്തൊരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.