പ്രഫ. പി കോയ
നീരജ് ബിഷ്‌ണോയി (20), വിശാല്‍ കുമാര്‍ ഝാ(21), ശ്വേതാ സിങ് (18), മായാങ്ക് റാവത്ത് (21), ഓങ്കാരേഷ്വര്‍ താക്കൂര്‍ (26), നീരജ് സിങ് (28), രാജ്യത്തിന്റെ പലഭാഗത്തും താമസിക്കുന്ന എന്‍ജിനീയറിങ്ങോ ബിസിനസ് മാനേജ്‌മെന്റോ പഠിക്കുന്ന പുതുതലമുറ; എല്ലാവരും സാമൂഹ്യമാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നവര്‍; എല്ലാവരും സവര്‍ണര്‍.
അതില്‍ നീരജ് ബിഷ്‌ണോയിയെത്തന്നെ നമുക്ക് ഒരു സ്വഭാവ വിശകലനത്തിനു വിധേയമാക്കാം. അസമിലെ ജോര്‍ഹട്ട് സ്വദേശിയായ ബിഷ്‌ണോയി ഏകാന്തനായ ഒരു ഹനുമാന്‍ ഭക്തനാണ്. അച്ചടക്കത്തോടെ ജീവിക്കുന്ന അവനു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനാകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കും. കുളിച്ച് നേരെ പോവുന്നത് അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക്. പിന്നെ ഒരു മണിക്കൂറാണ് ഹനുമാന്‍സേവ. തിരിച്ചുവന്ന് ലാപ്‌ടോപ്പിന്റെ മുമ്പിലിരിക്കും. ഉച്ചയ്ക്കു ശേഷം കൃത്യമായ ഉറക്കം. എഴുന്നേറ്റ് ഒരു മണിക്കൂര്‍ ഹനുമാന്‍ കീര്‍ത്തനമുള്ള സുന്ദരകാണ്ഡം വായിക്കും. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. പക്ഷേ, ബുള്ളിബായ് എന്നപേരില്‍ ആപ്പുണ്ടാക്കി അറിയപ്പെടുന്ന മുസ്‌ലിം വനിതകളെ 'വില്‍പ്പനയ്ക്കുവച്ച' വിദ്വാന് മുസ്‌ലിംകളോട് കടുത്ത വിരോധമുണ്ടായിരുന്നു എന്ന് അവനെ ചോദ്യംചെയ്ത പോലിസുദ്യോഗസ്ഥന്മാര്‍ പറയുന്നു. അസമില്‍ സംഘികള്‍ പ്രചരിപ്പിച്ച മുസ്‌ലിം വിരുദ്ധ നുണകളില്‍ അഭിരമിച്ചവനായിരുന്നു നീരജ്. അതയാളുടെ കുടുംബത്തിനു പോലും അറിയുമായിരുന്നില്ല എന്നാണ് കേള്‍ക്കുന്നത്.
ബുള്ളിബായ്ക്കു മുമ്പ് സുള്ളി ഡീല്‍സ് എന്ന മറ്റൊരു ആപ്പ് സൃഷ്ടിച്ചതും നീരജ് തന്നെയാണെന്നാണ് പോലിസ് പറയുന്നത്. സുള്ളി ഡീല്‍സ് ഉണ്ടാക്കിയത് യുപിയില്‍ നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജാവീദ് ആലമാണെന്ന് അന്വേഷണവേളയില്‍ വരുത്തിത്തീര്‍ക്കാന്‍ നീരജ് ശ്രമിച്ചിരുന്നു. ചോദ്യംചെയ്ത ഏഴു ദിവസവും നീരജ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അതില്‍ പ്രധാനം ബന്ധപ്പെട്ട പ്രതികളെല്ലാം വര്‍ത്തമാനകാലത്ത് ഫാഷനായി മാറിയ കോഴ്‌സുകള്‍ ചെയ്യുന്നു എന്നതാണ്. വലിയ ദുഷ്പ്രചാരണത്തിനു സഹായിക്കുന്ന ഗിറ്റ്ഹബ്ബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം എന്നിവയില്‍ കളിക്കുന്നവരായിരുന്നു എല്ലാവരും.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കണ്ണില്‍പ്പെടാതെ നടന്ന ഒരു അഭ്യാസമായിരുന്നു ഇതെല്ലാം എന്നു വിശ്വസിക്കുന്നതിനു പ്രയാസമാണ്. സുള്ളി ഡീല്‍സ് ആപ്പിനെപ്പറ്റിയുള്ള പരാതി ഡല്‍ഹി പോലിസിനു ലഭിക്കുന്നത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. എന്നാല്‍ ഒക്ടോബര്‍ വരെ അവര്‍ പരാതിയില്‍ കുത്തിയിരുന്നു. പോലിസ് ഒന്നും ചെയ്തില്ലെന്നു പറഞ്ഞുകൂടാ. അവര്‍ ഗിറ്റ്ഹബിനു ഒരു കത്തെഴുതി. പതിവു പോലെ ഗിറ്റ്ഹബും ട്വിറ്ററും ഫേസ്ബുക്കിനെപ്പോലെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിച്ചു. അന്വേഷണം തുടരാന്‍ കാരണം ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ അതുസംബന്ധിച്ച വിവരങ്ങള്‍ പോലിസിനു കൈമാറിയപ്പോഴാണ്. മാത്രമല്ല മുംബൈ പോലിസ് ഇതുസംബന്ധിച്ച് രാഷ്ട്രീയമായ പക്ഷപാതിത്വമൊന്നും കാണാതെ അന്വേഷിക്കാന്‍ തുടങ്ങിയത് ഡല്‍ഹി പോലിസിന്റെ മേല്‍ സമ്മര്‍ദ്ദമായി മാറിയിട്ടുണ്ടാവും.
സുള്ളി ഡീല്‍സും ബുള്ളി ബായിയും ഒരു ഗ്രൂപ്പിന്റെ സൃഷ്ടിയായിരുന്നു. അതില്‍ അംഗങ്ങളായവര്‍ക്കൊക്കെ പൊതുവായി കണ്ടത് കടുത്ത മുസ്‌ലിം വിരോധമാണ്. ഈ രണ്ടു ആപ്പുകളും മുസ്‌ലിം വിരോധം ആര്‍ത്തിയോടെ മോന്തുന്ന ചില സവര്‍ണ യുവാക്കളുടെ വികൃതിയാണെന്ന് കരുതാവതല്ല. സാമൂഹ്യവും രാഷ്ട്രീയവുമായി മുസ്‌ലിം വനിതകളെ താറടിക്കുന്നതില്‍ അവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. മുംബൈ പോലിസിനെവരെ വെല്ലുവിളിച്ചുകൊണ്ട് മാസങ്ങളോളം അവര്‍ പ്രവര്‍ത്തിച്ചു. അതേപോലെ ട്രാള്‍സ് എന്ന ആപ്പ് മുസ്‌ലിംകളോട് അല്‍പം മൃദുലമായി പെരുമാറുന്നതില്‍ സംഘികളെവരെ വിമര്‍ശിക്കുന്നുണ്ട്. അതു തങ്ങള്‍ സംഘികളല്ല എന്നുവരുത്താനുള്ള ഒരു സൂത്രവുമായിരിക്കും. എന്നാല്‍ ബ്രാഹ്മണരല്ലാത്ത എല്ലാവരുടെ മേലിലും ട്രാള്‍സ് ചളിവാരി എറിയുന്നതു കാണാം.
പൊതുരംഗത്തൊന്നുമില്ലാത്ത വീട്ടമ്മമാരുടെ പടങ്ങള്‍വരെ ഈ ആപ്പുകള്‍ ഉപയോഗിച്ചിരുന്നു. അവയൊക്കെ സാമൂഹ്യ മാധ്യമങ്ങളിലെ 'സ്വകാര്യ അനാവരണ'ത്തില്‍ മോഹിതരായ സ്ത്രീകളുടേതാവാം. അല്ലെങ്കില്‍ ആരോ ചിലര്‍ പ്രാദേശികമായി തങ്ങള്‍ക്ക് വിരോധമുള്ള സ്ത്രീകളുടെ പടങ്ങള്‍ ഇവര്‍ക്ക് എത്തിച്ചുകൊടുത്തതുമാവാം.
അപ്പോള്‍ വിശാലവും സുസംഘടിതവുമായ ഒരു നെറ്റ്‌വര്‍ക്കിന്റെ പിന്തുണ ഇതിന്റെ പിന്നിലുണ്ട് എന്നു കരുതാവുന്നതാണ്. സാമ്പത്തികമോ സാമൂഹികമോ ആയി വിശേഷാല്‍ നയങ്ങളൊന്നുമില്ലാത്തതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിഭാഗം, തിരഞ്ഞെടുപ്പ് ജയിക്കാന്‍ നുണകള്‍ മാത്രം മതി എന്നു 2014നു ശേഷം തെളിയിച്ചിട്ടുണ്ട്. അവരൊക്കെയാണ് ഇതിന്റെ പിന്നിലെന്നു കരുതാന്‍ ചില്ലറ വിവേകം മാത്രം മതിയാകും.