രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും

Update: 2021-02-06 07:36 GMT

ന്യൂഡല്‍ഹി: കൊവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്സഭയില്‍ അറിയിച്ചതാണിക്കാര്യം. 50 വയസിനുമുകളില്‍ പ്രായമുളളവരും ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്കാണ് മൂന്നാഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 5 കോടി പേര്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള വാക്സിന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ വാക്സിന്‍ വിതരണത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

35000കോടിയാണ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുളളതായും മന്ത്രി പറഞ്ഞു. നിലവില്‍ കോവിഷീല്‍ഡ് വാക്സിനും, കോവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്സിന്‍കൂടി വിവിധ ഘട്ടങ്ങളിലാണുളളത്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടമാണെന്നും ഹര്‍ഷവര്‍ദ്ധന്‍ സഭയെ അറിയിച്ചു.

വാക്സിന്‍ ആവശ്യവുമായി 22 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിന്‍ സഹായമായും 5 ലക്ഷം ഡോസ് കരാര്‍ അടിസ്ഥാനത്തിലും നല്‍കിയതായി മന്ത്രി വ്യക്തമാക്കി.




Similar News