'തിരിച്ചറിവ് 2021': ചെറുപ്പക്കാരെ കുറ്റവാളികളാക്കുന്ന പുതിയ സാഹചര്യം ശക്തിപ്പെടുന്നതായി മന്ത്രി പി. രാജീവ്

Update: 2021-11-01 11:57 GMT

കോട്ടയം: ചെറുപ്പക്കാരെ കുറ്റവാളികളാക്കി മാറ്റുന്നതിനുള്ള പുതിയ സാഹചര്യം ശക്തിപ്പെടുന്നുവെന്ന റിപോര്‍ട്ടുകളുണ്ടെന്നും ഇതില്‍ ലഹരിക്കാണ് മുഖ്യപങ്കെന്നും വ്യവസായനിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ നിയമസേവന അതോറിറ്റി ജില്ലയിലെ ജയിലുകളില്‍ സംഘടിപ്പിച്ച 'തിരിച്ചറിവ് 2021' ബോധവത്കരണസമഗ്ര വ്യക്തിത്വ വികസന പരിപാടികളുടെ സമാപന സമ്മേളനം കോട്ടയം ജില്ലാ ജയിലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കുറ്റവാളികള്‍ കുറ്റവാളികളായി തുടരാതിരിക്കാനുള്ള സാഹചര്യമാണ് ജയിലുകള്‍ ഒരുക്കേണ്ടതെന്നും അതിനുള്ള സാഹചര്യമാണ് സംസ്ഥാന നിയമസേവന അതോറിറ്റി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിന് ഗുണകരമാകുന്ന വ്യക്തിയായി മാറുന്നതിനുള്ള സഹായമാണ് സംസ്ഥാന നിയമസേവന അതോറിറ്റി നല്‍കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. 

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലും മറ്റും കുറ്റവാളിയായി മാറി ജയിലില്‍ അടയ്ക്കപ്പെടുന്നവരില്‍ മാനസിക പരിവര്‍ത്തനമുണ്ടാക്കാനും അവരെ തിരിച്ചറിവിലേക്ക് നയിക്കാനും സമൂഹത്തിന് പ്രയോജനപ്പെടുന്ന നിലയില്‍ മാറ്റാനും കഴിയുന്ന മാതൃകാപരമായ പദ്ധതികളാണ് നിയമസേവന അതോറിറ്റിയുടേതെന്ന് യോഗത്തില്‍ മുഖ്യാതിഥിയായ സഹകരണരജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ജയില്‍ മോചിതരാകുന്നവരെ ആരും അംഗീകരിക്കാത്ത സാഹചര്യമുണ്ടെന്നും ആദ്യമായി കുറ്റംചെയ്ത് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്യുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രന്‍ പറഞ്ഞു. 

അച്ഛന്‍ എന്‍.എന്‍. പിള്ളയ്‌ക്കൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 'ഗറില്ല' നാടകം അവതരിപ്പിച്ച തന്റെ അനുഭവം നടന്‍ വിജയരാഘവന്‍ പങ്കുവച്ചു. ജയിലില്‍ നടന്ന കവിത, ചിത്രരചന, കഥ രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നിയമഅവബോധ കാമ്പയിനില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച അഭിഭാഷകര്‍ക്കുള്ള പ്രശംസാപത്രവും ചടങ്ങില്‍ സമ്മാനിച്ചു. ജില്ലാ ജയിലിനു നല്‍കുന്ന റേഡിയോ, ചെസ്‌കാരം ബോര്‍ഡുകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി. 

Tags:    

Similar News