100 രൂപയുടെ ക്രമക്കേടിനെതിരേ ഉപയോഗിക്കാനുള്ളതല്ല കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം; ഇഡിക്കെതിരേ സുപ്രിംകോടതി

Update: 2021-12-15 14:31 GMT

ന്യൂഡല്‍ഹി: നൂറ് രൂപയുടെയും പതിനായിരം രൂപയുടെയും ക്രമക്കേട് കണ്ടെത്തി കേസെടുക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശൈലിക്കെതിരേ സുപ്രിംകോടതി. നിയമം വിവേചനരഹിതമായി ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും നിയമത്തിന്റെ ദുരുപയോഗമാണിതെന്നും സര്‍ക്കാരിന്റെ ആയുധമായി നിയമത്തെ ഉപയോഗിക്കരുതെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കി.

ചെറിയ തുകയുടെ ക്രമക്കേട് ആരോപിച്ച് നിങ്ങള്‍ക്ക് ആളുകളെ ദീര്‍ഘകാലം ജയിലിലടക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പുനല്‍കി. 

നിങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരേയുള്ള നിയമത്തെ നേര്‍പ്പിക്കുകയാണ്. ഇതല്ല കാര്യം. പതിനായിരം രൂപയും നൂറു രൂപയുമൊക്കെ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ നിങ്ങള്‍ ഈ നിയമമനുസരിച്ച് കേസാക്കിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.

എല്ലാ കേസിലും ഇതേ രീതി ഉപയോഗിക്കാനാണ് നീക്കമെങ്കില്‍ അതിവിടെ നടക്കില്ല. ഇതല്ല നിയമത്തിന്റെ രീതി. ഇങ്ങനെയായാല്‍ നിയമത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും. ജസ്റ്റിസ് രമണ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ഈ രീതിയില്‍ ഉപയോഗിക്കുന്നത് നിയമത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് ജസ്റ്റിസ് ബോപണ്ണയും അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നരേന്ദ്ര കുമാര്‍ പട്ടേല്‍ എന്നയാള്‍ക്ക് തെലങ്കാന ഹൈക്കോടതി നല്‍കിയ ജാമ്യം ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് മൂന്നംഗ ബെഞ്ച് സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചത്.

ഇഡിയെയും സിബിഐയെയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണം വ്യാപകമാണ്.

Tags:    

Similar News