ഈ പഞ്ചായത്ത് പ്രസിഡന്റിന് കസേരയില്ല; കാരണം അവര്‍ ദലിത് ആണ്
പഞ്ചായത്ത് യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കസേരയിലിരിക്കുമ്പോള്‍ പ്രസിഡന്റ് മാത്രം നിലത്താണ് ഇരിക്കാറുള്ളത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് ദലിത് ആയതിനാല്‍ കസേര നല്‍കാതെ സഹപ്രവര്‍ത്തകര്‍. കടല്ലൂര്‍ ജില്ലയിലെ തെര്‍ക്കു തിട്ടൈയ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയ രാജേശ്വരി ശരവണ കുമാറിനാണ് ജാതി പീഡനം കാരണം കസേരയിലിരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത്. തെര്‍ക്കു തിട്ടൈയ് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആദി ദ്രാവിഡ സമുദായത്തിന് സംവരണം ചെയ്തതാണ്. ഇതുവഴിയാണ് ദലിത് യുവതി പഞ്ചായത്ത് പ്രസിഡന്റ് ആയത്.
പഞ്ചായത്ത് യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കസേരയിലിരിക്കുമ്പോള്‍ പ്രസിഡന്റ് മാത്രം നിലത്താണ് ഇരിക്കാറുള്ളത്. അതും മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചുകൊണ്ട്.
യോഗങ്ങളിലൊന്നും അധ്യക്ഷത വഹിക്കാന്‍ ഉയര്‍ന്ന ജാതിക്കാരനായ വൈസ് പ്രസിഡന്റ് തന്നെ അനുവദിക്കാറില്ലെന്നും പതാക ഉയര്‍ത്താന്‍ പോലും അനുവാദമില്ലെന്നും രാജേശ്വരി പറഞ്ഞു. പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് നിലത്തിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം അന്വേഷിക്കാന്‍ കടല്ലൂര്‍ ജില്ലാ കലക്ടര്‍ ചന്ദ്ര ശേഖര്‍ സഖാമുരി നിര്‍ദേശം നല്‍കി. ജാതി പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാതിരുന്നതിന് ജില്ലാ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.